ബി.ജെ.പി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; 11 സി.പി.എം പ്രവർത്തകരെ കുറ്റമുക്തരാക്കി
text_fieldsതലശ്ശേരി: പിണറായിയിൽ ബി.ജെ.പി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ 11 സി.പി.എം പ്രവർത്തകരെ കോടതി വിട്ടയച്ചു. പിണറായി പുത്തൻകണ്ടം സ്വദേശി മാണിക്കോത്ത് ഹൗസിൽ എം. പ്രേംജിത്ത്, സുഹൃത്ത് കേളാലൂരിലെ എം.പി. ഷർമിത് എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2007 മാർച്ച് 18ന് വൈകീട്ട് ആറരക്ക് പിണറായി ടൗണിലാണ് കേസിനാധാരമായ സംഭവം.
സി.പി.എം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സി.പി.എം പിണറായി ലോക്കൽ കമ്മിറ്റി മെംബർമാരായ കോയിപ്രത്ത് രാജൻ, കെ.കെ. പ്രദീപൻ, മറ്റു സി.പി.എം പ്രവർത്തകരായ പിണറായിയിലെ പൂവാടൻ ശ്രീജേഷ്, പുത്തൻകണ്ടത്തെ ചെറുവളത്ത് ഷിജു, എരുവട്ടിയിലെ മയിലാട്ടിൽ സനീഷ്, പാനുണ്ടയിലെ മാണിയത്ത് പ്രദീപൻ, പന്തീരാംകുന്നത്ത് ലജീഷ്, പുതുക്കുടി പ്രദീപൻ, പാട്യം പത്തായക്കുന്നിലെ ടി.കെ. രജീഷ്, കൂത്തുപറമ്പ് പഴയനിരത്തിലെ പി.എം. മനോരാജ് എന്ന നാരായണൻ, അരയാലിലെ ജൻമീന്റവിടെ ബിജു എന്നിവരെയാണ് തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി ജഡ്ജി കെ.ബി. വീണ വെറുതെ വിട്ടത്.
ആദ്യഘട്ടത്തിൽ ഈ കേസിൽ ഉൾപ്പെടാതിരുന്ന രജീഷ്, മനോരാജ്, ബിജു എന്നിവരെ 2014ൽ പ്രതികളാക്കുകയായിരുന്നു. 2007ൽ ധർമടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കുവേണ്ടി അഡ്വ. വിനോദ്കുമാർ ചമ്പളോൻ, അഡ്വ. വി.പി. രഞ്ജിത്ത്, അഡ്വ. എൻ.ആർ. ഷാനവാസ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.