തലശ്ശേരി നഗരസഭ കെട്ടിടത്തിൽ സീലിങ് ഇളകി വീണ്ടും അപകടം
text_fieldsതലശ്ശേരി: പഴയ ബസ് സ്റ്റാൻഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ വീണ്ടും അപകടം. കോംപ്ലക്സിന്റെ താഴെ നിലയിൽ കോൺക്രീറ്റ് സീലിങ്ങിലെ ഒരു ഭാഗത്തെ സിമന്റ് പാളികളാണ് അടർന്നുവീണത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. ശീതൾ റെഡിമെയ്ഡ്സിന് മുന്നിലെ വരാന്തയിലെ മുകൾഭാഗത്തെ ഒരു പാളിയാണ് ഇരുമ്പ് കമ്പികൾ ദ്രവിച്ച് പൊട്ടിവീണത്. സിമന്റ് കട്ട ഇളകി കടയുടെ എ.സി.പി ഷീറ്റടക്കം ഇളകി താഴെ വീഴുകയായിരുന്നു.
ശബ്ദം കേട്ടയുടനെ ആളുകൾ മാറിയതിനാലാണ് ദുരന്തം ഒഴിവായത്. വിവരം അറിഞ്ഞയുടൻ നഗരസഭാംഗങ്ങളും വ്യാപാരി സംഘടന ഭാരവാഹികളും സ്ഥലത്തെത്തി. എ.സി.പി ഷീറ്റ് പൊട്ടിവീണതിനാലും നിലത്ത് ഡമ്മിയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ നശിച്ചതിനാലും ലക്ഷം രൂപയുടെ നാശമുണ്ടായതായി ശീതൾ റെഡിമെയ്ഡ്സ് ഉടമ പുന്നോൽ സ്വദേശി ടി.കെ. അബ്ദുൽ മുനീർ പറഞ്ഞു.
ഭീതിയൊഴിയാതെ ജൂബിലി ഷോപ്പിങ് കോംപ്ലക്സ്
കെട്ടിടത്തിന് മൂന്നര പതിറ്റാണ്ട് പഴക്കമുണ്ട്. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ പലഭാഗങ്ങളും തകർച്ച ഭീഷണിയിലാണ്. ഇതിന് മുമ്പും സിമന്റ് കട്ടകൾ ഇളകിവീണ സംഭവങ്ങളുണ്ടായിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളുമുളള കെട്ടിടത്തിൽ മഴയത്ത് ചോർച്ചയും രൂക്ഷമായിരുന്നു.
നഗരസഭ എൻജിനീയറിങ് വിഭാഗം പലതവണ പരിശോധിച്ച് അറ്റക്കുറ്റപ്പണികൾ നടത്തിയെങ്കിലും സിമന്റ് കട്ടകൾ പൊട്ടിവീഴുന്നത് തുടരുകയാണ്.
മഴക്കാലത്ത് കെട്ടിടത്തിന്റെ മുകളിലും താഴെ നിലയിലുമായി വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥക്കും ശാശ്വത പരിഹാരമുണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മഴയും കാറ്റും ശക്തിയുള്ള സമയങ്ങളിൽ കെട്ടിടത്തിൽ ചോർച്ച രൂക്ഷമാണ്. സർക്കാർ - അർധസർക്കാർ ഓഫിസുകൾ, ബാങ്കുകൾ, പ്രസ് ഫോറം, വിവിധ മാധ്യമ ബ്യൂറോകൾ, സഹകരണ പ്രസ്, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസ്, ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫിസുകൾ, ട്യൂഷൻ സെന്റർ, ട്രാവൽ ഏജൻസികൾ, തുന്നൽ കടകൾ, ബ്യൂട്ടി പാർലറുകൾ, ഡെന്റൽ ക്ലിനിക്ക്, അഭിഭാഷകരുടെ ഓഫിസുകൾ, പഴം പച്ചക്കറി സഹകരണ സംഘം ഓഫിസ്, കൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും ഈ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഏതാനും വർഷം മുമ്പ് ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടിടത്തിന്റെ മുകളിൽ ആസ്ബറ്റോസ് ഷീറ്റുകൾ പാകിയിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷത്തെ മഴയിൽ തന്നെ തൊട്ടുതാഴെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ചോർച്ച തുടങ്ങിയിരുന്നു.
ചോർച്ച പരിഹരിക്കുന്നതിനും നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.