മുഖ്യമന്ത്രിയുടെ സുരക്ഷ: രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു
text_fieldsതലശ്ശേരി: രണ്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ കരുതൽ തടങ്കലിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തു. പിലാക്കൂൽ പൂവളപ്പ് തെരു മക്കാൻ ക്വാർട്ടേഴ്സിൽ കല്ലൂക്കാരന്റവിട വീട്ടിൽ കെ.ആർ. മുനീർ (42), ചാലിൽ കേയീസ് ലൈനിലെ മക്കീന്റെ പുരയിൽ വി. മുനീർ (36) എന്നിവരെയാണ് ഞായറാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര സുരക്ഷയുടെ ഭാഗമായാണിതെന്നാണ് പൊലീസ് വിശദീകരണം. അന്യായമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി.
രാത്രി വിടാമെന്ന് പൊലീസ് പറഞ്ഞെങ്കിലും നേതാക്കൾ ചെവിക്കൊണ്ടില്ല. ഒടുവിൽ തലശ്ശേരി എ.എസ്.പിയുമായി സംസാരിച്ച ശേഷം നേതാക്കളുടെ ജാമ്യത്തിൽ കസ്റ്റഡിയിലെടുത്തവരെ ഉച്ചക്ക് വിട്ടയക്കുകയായിരുന്നു. ശനിയാഴ്ച തലശ്ശേരി ടൗൺഹാളിൽ വിവ പദ്ധതി സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.
ടൗൺ ഹാളിലെ ഉദ്ഘാടനത്തിന് ശേഷമുള്ള യാത്രക്കിടയിൽ ചിറക്കര പള്ളിത്താഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചിരുന്നു.
ഈ സംഭവത്തിൽ യൂത്ത് കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡൻറ് എ.ആർ. ചിന്മയ്, വൈസ് പ്രസിഡൻറ് അർബാസ് ചൊക്ലി, തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റിനടുത്ത പൂവളപ്പ് തെരുവിലെ വി.വി. ഷുഹൈബ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ജില്ല സെക്രട്ടറി നിമിഷ രഘുനാഥിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗുകാരെയും മുൻകരുതലായി കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസുകാർ തലശ്ശേരിയിൽ കരിങ്കൊടി വീശിയത് പൊലീസ് വീഴ്ചയായി വിമർശനമുയർന്നിരുന്നു. ടൗൺഹാളിൽ ശനിയാഴ്ച നടന്ന പരിപാടിക്ക് മുഖ്യമന്ത്രി എത്തിയത് കനത്ത പൊലീസ് സുരക്ഷയിലാണ്. മഫ്തിയിലും യൂനിഫോമിലും ഹാളിനകത്തും പുറത്തും വലിയ നിരീക്ഷണം ഒരുക്കിയിരുന്നു. വേദി വിട്ടുപോകുന്നത് വരെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.
എന്നാൽ, ടൗൺഹാളിൽ നിന്ന് ഏതാനും മീറ്ററുകൾക്കപ്പുറം പള്ളിത്താഴയിൽ കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസുകാർ സംഘടിച്ചത് പൊലീസിന് കണ്ടെത്താനായില്ല. തലശ്ശേരി മണ്ഡലത്തിൽ മുഖ്യമന്ത്രിക്ക് ഇങ്ങനെയൊരു ദുരനുഭവമുണ്ടായതിൽ പാർട്ടിക്കകത്തും പൊലീസിന് നേരെയും പ്രതിഷേധമുയർന്നിട്ടുണ്ട്.
യൂത്ത് കോൺഗ്രസിലെ ചില നേതാക്കളെ തേടി ഞായറാഴ്ച പൊലീസുകാർ വീടുകളിൽ എത്തിയതായും വിവരമുണ്ട്. ഉത്സവ സീസണായതിനാൽ പൊലീസുകാർ ഭൂരിഭാഗവും ക്ഷേത്രങ്ങളിൽ ഡ്യൂട്ടിയിലാണ്. ഇതുകാരണമാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് റോഡുകളിലെ സുരക്ഷക്ക് വീഴ്ച സംഭവിച്ചതെന്നും പറയപ്പെടുന്നുണ്ട്.
പൊലീസ് നടപടിയിൽ പ്രതിഷേധം
തലശ്ശേരി: യൂത്ത് ലീഗ് പ്രവർത്തകരായ കെ.ആർ. മുനീർ, വി. മുനീർ എന്നിവരെ വീട്ടിൽ കയറി പൊലീസ് കരുതൽ തടങ്കലിന്റെ പേരിൽ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം. യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
ഭരണകൂട താൽപര്യത്തിനും പ്രീതിക്കും വേണ്ടി പൊലീസ് നടത്തുന്ന ഇത്തരം പൗരാവകാശ നിഷേധത്തിനെതിരെ നിയമ നടപടികൾ കൈകൊള്ളുമെന്ന് യൂത്ത് ലീഗ് ജില്ല സെക്രട്ടറി തസ്ലീം ചേറ്റംകുന്ന്, തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് റഷീദ് തലായി, ജനറൽ സെക്രട്ടറി തഫ്ലീം മാണിയാട്ട് എന്നിവർ അറിയിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടവരുമായി സ്റ്റേഷന് മുന്നിൽ നേതാക്കൾ പ്രതിഷേധിച്ചു. പാലക്കൽ സാഹിർ, ജംഷീർ മഹമൂദ്, വി. ജലീൽ, റമീസ് നരസിംഹ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
തലശ്ശേരി: മുഖ്യമന്ത്രിയുടെ യാത്രയുടെ പേര് പറഞ്ഞ് പാവപ്പെട്ട തൊഴിലാളികളെ കസ്റ്റഡിയിൽ എടുക്കുന്നതിൽ മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് സാഹിർ പാലക്കൽ പ്രതിഷേധിച്ചു. തലശ്ശേരി മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന രണ്ട് തൊഴിലാളികളെ അവരുടെ വീട്ടിൽ ചെന്ന് ഞായറാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സാധാരണക്കാരെയും തൊഴിലാളികളെയും ഭയപ്പെടുന്ന മുഖ്യമന്ത്രി സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും സാഹിർ പാലക്കൽ പറഞ്ഞു.
തലശ്ശേരി: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരായ മുനീർ കൈവട്ടം, കെ.ആർ. മുനീർ എന്നിവരെ യാതൊരു പ്രകോപനവുമില്ലാതെ അന്യായമായി കരുതൽ തടങ്കലിലെടുത്ത തലശ്ശേരി പൊലീസിന്റെ നടപടിയിൽ മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു.
വീട്ടിൽ ഉറങ്ങിക്കിടക്കുന്ന പ്രവർത്തകരെ ഒരു കാരണവുമില്ലാതെയാണ് കരുതൽ തടങ്കലിന്റെ പേരിൽ കസ്റ്റഡിയിലെടുത്തത്. പ്രസിഡൻറ് സി.കെ.പി. മമ്മു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻവർ അഹമ്മദ് ചെറുവക്കര, മുനവർ അഹമ്മദ്, എ.കെ. സക്കരിയ, പി. നൗഷാദ്, എം. അബ്ദു റഹിമാൻ, വി. ജലീൽ, ടി.കെ. ജമാൽ, മഹറൂഫ് ആലഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.