ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്: യുവതിക്ക് ജാമ്യമില്ല
text_fieldsതലശ്ശേരി: കാമുകനുമൊത്തുള്ള ജീവിതത്തിന് തടസ്സമാവാതിരിക്കാൻ ഒന്നര വയസ്സുള്ള മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി വീണ്ടും നിരസിച്ചു.
പൊക്കിൾകൊടി ബന്ധം മറന്ന പൈശാചികതയെ ജയിൽ മോചിതയാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാവുമെന്ന പ്രോസിക്യൂഷൻ വാദം സ്വീകരിച്ചാണ് കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ (22) യുടെ ജാമ്യഹരജി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് എം. തുഷാർ തള്ളിയത്.
പ്രത്യേക സാഹചര്യത്തിൽ പ്രതി ശരണ്യ കസ്റ്റഡിയിൽതന്നെ വിചാരണ നേരിടണമെന്നും ജാമ്യത്തിൽ വിട്ടയച്ചാൽ കേസ് നടപടികളെ ബാധിക്കുമെന്നുമായിരുന്നു അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. രാമചന്ദ്രൻ കോടതിയെ ബോധിപ്പിച്ചത്.
2020 ഫെബ്രുവരി 17 നായിരുന്നു സംഭവം. തയ്യിൽ കടപ്പുറത്ത് കരിങ്കല്ലുകൾക്കിടയിലാണ് ശരണ്യയുടെ മകൻ വിയാെൻറ മൃതദേഹം കാണപ്പെട്ടത്.
ഭർത്താവ് പ്രണവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലർച്ച രണ്ടുമണിയോടെ ശരണ്യ കടൽഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി ക്ഷതമേറ്റു. മരണം ഉറപ്പാക്കാൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്.
ഭർത്താവുമായി അകന്നുകഴിയുന്ന യുവതി കാമുകൻ വലിയന്നൂർ സ്വദേശി പുന്നക്കൽ നിധിനുമായി ജീവിക്കാൻ തീരുമാനിച്ചുവെന്നും ഇതിന് തടസ്സമാവാതിരിക്കാനാണ് മാതൃത്വം മറന്ന് അറുകൊല ചെയ്തതെന്നുമായിരുന്നു കുറ്റപത്രം.
പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ നിധിൻ നേരേത്ത ജാമ്യത്തിലിറങ്ങിയിരുന്നു. 2020 മേയ് 18നാണ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം സമർപ്പിച്ചത്. കുഞ്ഞിനെ കടലിൽ എറിഞ്ഞുകൊല്ലാനും ഉത്തരവാദിത്തം ഭർത്താവിെൻറ മേൽ ചുമത്താനുമായിരുന്നു ശരണ്യ തീരുമാനിച്ചത്.
അകന്നുകഴിയുന്ന ഭർത്താവ് പ്രവീണിനെ അനുനയത്തിൽ അന്നേദിവസം ശരണ്യ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. അറസ്റ്റിലായ ദിവസം മുതൽ കഴിഞ്ഞ 14 മാസമായി ശരണ്യ കണ്ണൂർ വനിത ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.