തലശ്ശേരിയിലേക്ക് വരൂ, കടലിൽ ഉല്ലസിക്കാം
text_fieldsതലശ്ശേരി: ടൂറിസ്റ്റുകളെ ആകർഷിക്കാൻ തലശ്ശേരിയിൽ സമുദ്ര വിനോദ സഞ്ചാരത്തിനും അവസരമൊരുങ്ങുന്നു. പൈതൃക നഗരിയിൽ അടുത്ത കാലത്തുണ്ടായ മാറ്റം ജനം ഇഷ്ടപ്പെട്ടുതുടങ്ങിയതോടെയാണ് കടലിലിറങ്ങിയുള്ള വിനോദത്തിനും പദ്ധതികൾ ആവിഷ്കരിക്കുന്നത്.
വിവിധതരം റൈഡുകളാണ് ടൂറിസ്റ്റുകൾക്കായി തലശ്ശേരിയിൽ സജ്ജമാക്കുന്നത്. തിരമാലകളെ കീറിമുറിച്ച് കുതിക്കുന്ന വാട്ടർബൈക്കുകൾ ഉൾപ്പെടുന്ന 'ജറ്റ്സ്കൈ റൈഡ്', ബനാന റൈഡ്, ബാംബൂ റൈഡ്, ബോട്ടിങ് എന്നിവയാണ് നടപ്പിലാക്കുന്നത്. നീന്തൽ അറിയാവുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ് ബനാന റൈഡ്. ട്യൂബ് ബോട്ടാണ് ഉപയോഗിക്കുന്നത്. ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷ മുൻകരുതലോടെ കടലിൽ ചാടി രസിക്കാനും അവസരമുണ്ടാകും. വൃത്താകൃതിയിലുള്ള ട്യൂബിൽ ഇരിക്കുന്നവരെ യന്ത്രവൽകൃതബോട്ട് ഉപയോഗിച്ച് ജലോപരിതലത്തിലൂടെ അതിവേഗത്തിൽ കൊണ്ടുപോവുന്നതാണ് ബാംബൂ റൈഡ്. മീൻപിടിത്തം അറിഞ്ഞും കടൽജീവികളെ കണ്ടുമുള്ള ബോട്ടിങ്ങും അപൂർവാനുഭവമാകും. തലശ്ശേരി കടലിലെ പാറക്കൂട്ടങ്ങളിലേക്കും യാത്രനടത്താം.
ഡി.ടി.പി.സിയുടെ സഹകരണത്തിലാണ് 'അക്വാ ഫ്രോളിക് വാട്ടർ സ്പോർട്സ്' ആരംഭിക്കുന്നത്. എ.എൻ. ഷംസീർ എം.എൽ.എ, സബ്കലക്ടർ അനുകുമാരി എന്നിവരടങ്ങുന്ന സംഘം തുറമുഖ വകുപ്പിെൻറ സഹകരണത്തോടെ കഴിഞ്ഞ ദിവസം ട്രയൽ റൺ നടത്തി. ജനുവരി ആദ്യവാരം മുതൽ ജവഹർ ഘട്ടിനോട് ചേർന്നു കിടക്കുന്ന ബീച്ച് ഏരിയയിലാണ് അഡ്വെഞ്ചർ വാട്ടർ സ്പോർട്സ് ആക്റ്റിവിറ്റീസ് ആരംഭിക്കുന്നത്. ഇതിനായി നാലു വിധത്തിലുള്ള ബോട്ടുകൾ സജ്ജീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.