തെരുവുനായ് ശല്യത്തിനെതിരെ മനുഷ്യാവകാശ കമീഷന് പരാതി
text_fieldsതലശ്ശേരി: നഗര ഗ്രാമ പ്രദേശങ്ങളിൽ വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിനെതിരെ അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന് പരാതി. തലശ്ശേരിയിലെ സാമൂഹിക പ്രവർത്തകൻ സി.പി. ആലുപ്പികേയിയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. കൂട്ടത്തോടെ വിഹരിക്കുന്ന നായ്ക്കൾ മനുഷ്യ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.
നിത്യേനയെന്നോണം നഗര ഗ്രാമ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി പേരെയാണ് നായ്ക്കൾ ആക്രമിക്കുന്നത്. ജനറൽ ആശുപത്രിയിൽ ദിവസവും നായുടെ കടിയേറ്റ് ആളുകൾ ചികിത്സക്കെത്തുന്നു.
വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്. വീടുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള നാശനഷ്ടങ്ങൾ വേറെയും. നായ്ക്കളെ തുരത്താൻ മൂന്ന് നിർദേശങ്ങളും പരാതിയിൽ സമർപ്പിച്ചിട്ടുണ്ട്. നായ്ക്കളെ കൊല്ലാൻ നിയമപരമായി അനുവദിക്കാത്തതിനാൽ ഇവയെ ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിലോ വനാന്തരങ്ങളിലോ മറ്റോ നാടുകടത്തുക, തെരുവുനായ്ക്കളെ ഹിംസ ജീവിയായി പ്രഖ്യാപിച്ച് ഇവയുടെ ആക്രമണത്തിൽനിന്ന് മനുഷ്യരെ രക്ഷപ്പെടുത്തുക, തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽനിന്ന് മുതിർന്നവരെയും കുട്ടികളെയും സംരക്ഷിക്കുന്നതിന് മുൻകരുതലെടുക്കുക തുടങ്ങിയ നിർദേശങ്ങളാണ് പരാതിയിൽ സൂചിപ്പിച്ചത്. പരാതി സ്വീകരിച്ച മനുഷ്യാവകാശ കമീഷൻ സംസ്ഥാന സർക്കാറിന് നോട്ടീസയക്കാൻ ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.