കോൺഗ്രസ് ഓഫിസ് ആക്രമണം; ഒരാൾ അറസ്റ്റിൽ
text_fieldsതലശ്ശേരി: പിണറായി വെണ്ടുട്ടായിയില്‍ ഉദ്ഘാടനത്തിന് മണിക്കൂറുകൾക്കുമുമ്പ് കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്ത് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സി.പി.എം പ്രവർത്തകനായ വെണ്ടുട്ടായി കനാൽക്കരയിലെ സ്നേഹാലയത്തിൽ വിപിൻ രാജിനെയാണ് (24) പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഫിസ് തകർക്കുന്നത് സി.സി.ടി.വി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞാണ് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തലശ്ശേരി എ.എസ്.പി ഷഹൻഷയുടെ മേൽനോട്ടത്തിൽ പിണറായി എസ്.ഐ ബി.എസ്. ബാവിഷാണ് കേസന്വേഷിക്കുന്നത്.
വെണ്ടുട്ടായി കനാൽക്കരയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസിന് നേരെ ഞായറാഴ്ച പുലർച്ചയാണ് ആക്രമണമുണ്ടായത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഞായറാഴ്ച വൈകീട്ടാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. ഇതിന് മണിക്കൂറുകൾക്കുമുമ്പാണ് ആസൂത്രിത ആക്രമണം അരങ്ങേറിയത്. ഓഫിസിന്റെ മുൻവശത്തെ ആറ് ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. വാതിൽ പെട്രോൾ ഒഴിച്ചു തീവെച്ച് കത്തിച്ചനിലയിലായിരുന്നു.
പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ഓഫിസിന് പുറത്തെ സി.സി.ടി.വി കാമറകളും തകർത്തു. ഉദ്ഘാടകന്റെ പേര് പതിച്ച ശിലാഫലകം തകർത്ത് ഓഫിസിന് മുൻവശത്തെ കനാലിൽ എറിഞ്ഞിട്ടുണ്ട്. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. നേതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.