കെട്ടിടത്തിന് ബലക്ഷയം; തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗികൾ ഭീതിയിൽ
text_fieldsതലശ്ശേരി: കടൽ ഉപ്പുകാറ്റേറ്റ് കോൺക്രീറ്റിങ് ഇളകി അടർന്ന് ബലക്ഷയം നേരിടുന്ന തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗികൾ ചികിത്സയിൽ കഴിയുന്നത് ഭീതിയോടെ.
പ്രധാന കെട്ടിടം ഒഴിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം ഒന്നര മാസമായിട്ടും നടപ്പായില്ല. മറ്റു ഗത്യന്തരമില്ലാത്തതിനാൽ അപകടാവസ്ഥയിലുള്ള കെട്ടിടത്തിലെ വാർഡുകളിൽ തന്നെയാണ് രോഗികളെ പ്രവേശിപ്പിക്കുന്നതും ചികിത്സ നൽകുന്നതും.
രോഗികളുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ടെങ്കിലും മറ്റ് നിർവാഹമില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അപകടം പതിയിരിക്കുന്ന നിലവിലുള്ള കെട്ടിടത്തിൽനിന്ന് രോഗികളെ ഒഴിപ്പിക്കുമ്പോൾ പകരം പ്രവേശിപ്പിക്കാൻ സമീപത്തെ രണ്ടു കെട്ടിടങ്ങൾ നേരത്തേ പരിഗണിച്ചിരുന്നു.
ജനറൽ ആശുപത്രിയുടെ മേൽനോട്ടമുള്ള തലശ്ശേരി നഗരസഭയുടെ കഴിഞ്ഞ ആഗസ്റ്റിൽ ചേർന്ന കൗൺസിൽ യോഗം തലശ്ശേരി മത്സ്യമാർക്കറ്റ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകൾ ആശുപത്രിക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു. ജനറൽ ആശുപത്രിയിൽനിന്ന് റാമ്പ് നിർമിച്ച് മത്സ്യമാർക്കറ്റ് കെട്ടിടത്തിലേക്ക് കടക്കാമെന്നാണ് ആലോചിച്ചത്.
എന്നാൽ, താൽക്കാലിക സംവിധാനത്തിനായി ഏറെ ചെലവുള്ള റാമ്പ് നിർമിക്കാൻ സർക്കാറിൽനിന്ന് അനുമതി ലഭിക്കാൻ സാധ്യതയില്ലെന്ന സൂചനകളെ തുടർന്ന് പ്രസ്തുത നീക്കം ഉപേക്ഷിക്കുകയായിരുന്നു. രണ്ടാമതായി പരിഗണിച്ചത് കോട്ടയുടെ സമീപം അഗ്നിരക്ഷാസേന ഓഫിസിന് തൊട്ടുള്ള ബി.എസ്.എൻ.എല്ലിന്റെ ഒഴിഞ്ഞ ബഹുനില കെട്ടിടമാണ്.
ഗുണ്ടർട്ട് റോഡിലെ ഈ കെട്ടിടത്തിൽ സൗകര്യങ്ങളുണ്ടെങ്കിലും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടക്കാൻ വഴിയില്ല. റോഡിനും കെട്ടിടത്തിനും ഇടയിൽ ഉയരവും വീതിയുമുള്ള ഓവുചാലുള്ളതാണ് ഇവിടത്തെ തടസ്സം. കോട്ടക്കരികിലായതിനാൽ നിലവിലുള്ള ആശുപത്രിയിൽ വീണ്ടുമൊരു കെട്ടിടം നിർമിക്കാനാവില്ല.
പുരാവസ്തു വകുപ്പിന്റെ വിലക്കാണ് തടസ്സം. ആരോഗ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് നേരത്തേ ആശുപത്രി സന്ദർശിച്ച സാങ്കേതിക വിദഗ്ധർ കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും പുതിയ കെട്ടിടം പണിയാൻ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.