ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ മാനനഷ്ടകേസ്
text_fieldsതലശ്ശേരി: വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ വാർത്തസമ്മേളനത്തിൽ ഉന്നയിച്ച് അപമാനിച്ചതായി ആരോപിച്ച് ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽചെയ്തു.
ക്രിമിനൽ നിയമനടപടി പ്രകാരം അഡ്വ. ഒ.ജി. പ്രേമരാജൻ മുഖേന സമർപ്പിച്ച കേസ് കോടതി ഫയലിൽ സ്വീകരിച്ചു. പരാതിക്കാരെൻറ മൊഴിയെടുക്കാനായി ഏപ്രിൽ 28ന് കേസ് പരിഗണിക്കും.
തൊഴിലിലെ ദുരുപയോഗം കാരണം ബാർ കൗൺസിൽ നടപടിയെടുത്ത് പുറത്താക്കിയ വ്യക്തിയാണ് അഡ്വ. മനോജ് കുമാറെന്ന് വാർത്തസമ്മേളനത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ തെറ്റായ പരാമർശം നടത്തുകയും ഇതേവിവരം സ്വന്തം ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് കേസിനാസ്പദമായ സംഭവം.
കുട്ടികളുടെ സംയോജിത വികാസത്തെ സംബന്ധിച്ച ക്ലാസ് സംഘടിപ്പിച്ചില്ല എന്നും തെറ്റായി പ്രസ്താവിച്ചതായി പരാതിയിൽ പറയുന്നു. സംഭവം സംബന്ധിച്ച് ആദ്യം വക്കീൽ നോട്ടീസയച്ചെങ്കിലും വിഷയത്തിൽ ഖേദപ്രകടനം നടത്താൻ എം.എൽ.എ കൂട്ടാക്കാത്തതിനെതുടർന്നാണ് ക്രിമിനൽ നിയമ നടപടി പ്രകാരം അഡ്വ. കെ.വി. മനോജ് കുമാർ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.