ചിത്രങ്ങളും നിറങ്ങളുമാണ് ദേവതീർഥിന്റെ ലോകം
text_fieldsതലശ്ശേരി: മറ്റുകുട്ടികളെ പോലെ ഓടിക്കളിക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ സാധിക്കില്ലെങ്കിലും മിടുക്കനായി പഠിച്ച് മുന്നേറണമെന്നാണ് ആഗ്രഹം. കൈാലുകൾക്ക് ജന്മനാ സ്വാധീനമില്ലാത്ത ദേവതീർഥിന്റെ ജീവിതം വീൽച്ചെയറിലാണ്. ഒഴിവ് സമയങ്ങളിൽ വായ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നതാണ് ഈ പതിനാലുകാരന്റെ ഇഷ്ടവിനോദം.
സ്വന്തമായി വീടോ ഉപജീവനമാർഗമോ ഇല്ലാത്ത മാതാവ് പ്രജിഷക്കൊപ്പം തലശ്ശേരി ടൗൺ ഹാളിൽ അദാലത്തിലെത്തിയ ദേവതീർഥ് താൻ വരച്ച ചിത്രം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകി.
75 ശതമാനം ശാരീരിക വൈകല്യമുള്ള ദേവതീർഥിനൊപ്പം അദാലത്തിന് എത്തിയ മാലൂർ സ്വദേശിയായ ശ്രീപദം വീട്ടിൽ കെ. പ്രജിഷക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് അനുവദിക്കാൻ മന്ത്രി നിർദേശം നൽകുകയും ചെയ്തു. മകന് ചികിത്സ സഹായം, കുടുംബത്തിനുള്ള ഉപജീവനമാർഗം, സ്വന്തമായി വീട് എന്നീ ആവശ്യങ്ങളുമായാണ് ഭർത്താവ് ഉപേക്ഷിച്ച പ്രജിഷ അദാലത്തിന് എത്തിയത്.
ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഹാളിന് പുറത്ത് വീൽചെയറിലെത്തിയ ദേവതീർഥിന്റെ അരികിലേക്ക് എത്തിയാണ് മന്ത്രി പരാതി പരിഗണിച്ചത്. ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ദേവതീർഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.