തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനം രണ്ട് ഘട്ടങ്ങളിൽ
text_fieldsതലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രണ്ട് ഘട്ടങ്ങളിലായി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഡിസംബർ 31വരെയുള്ള കാലയളവിൽ ഒന്നാംഘട്ട പ്രവർത്തനവും അടുത്ത വർഷം ജനുവരി മുതൽ രണ്ടാം ഘട്ടവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുളള പ്രധാന സ്റ്റേഷനുകളിലാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനും വികസിപ്പിക്കുന്നത്. മൊത്തം 20 കോടിയാണ് വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുക. തലശ്ശേരിയിൽ നടത്താൻ തീരുമാനിച്ചിട്ടുളള വികസന പ്രവർത്തനങ്ങൾ ഏതൊക്കെയെന്ന് റെയിൽവേ ഉദ്യോസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
കണ്ണൂർ, തലശ്ശേരി, വടകര സ്റ്റേഷനുകളിലാണ് പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഞായറാഴ്ച സന്ദർശനം നടത്തിയത്. റെയിൽവേ അമിനിറ്റീസ് കമ്മിറ്റി അംഗങ്ങൾക്ക് പുറമെ പാലക്കാട് റെയിൽവേ ഡിവിഷൻ എൻജിനീയർ, കൊമേഴ്സ്യൽ ഡെപ്യൂട്ടി മാനേജർ തുടങ്ങിയവരും ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസും ഒപ്പമുണ്ടായിരുന്നു.
വികസനവേദി ഭാരവാഹികൾ കൃഷ്ണദാസുമായി ചർച്ച നടത്തി
തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ സമഗ്രവികസനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി വികസന വേദി ഭാരവാഹികൾ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസുമായി ചർച്ച നടത്തി. വികസന വേദി മുമ്പ് നൽകിയിട്ടുള്ള നിവേദനത്തിലെ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളിലും 24 മണിക്കൂറും ടിക്കറ്റ് കൗണ്ടർ പ്രവർത്തിപ്പിക്കാനും പൊട്ടിപ്പൊളിഞ്ഞ റൂഫിങ് മാറ്റാനും റിട്ടയറിങ് റൂമുകൾ തുടങ്ങാനും നടപടി സ്വീകരിക്കും. അടിയന്തരമായി ചെയ്യേണ്ട പ്രധാന പ്രവർത്തികൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
രണ്ട് പ്ലാറ്റ്ഫോമുകളിലെയും ശൗചാലയങ്ങളുടെ സൗകര്യം വർധിപ്പിക്കും. പുതുതായി ഒരുക്കുന്ന ക്ലോക്ക് റൂം, ശൗചാലയം എന്നിവ നടത്തിപ്പുകാരെ കണ്ടെത്തി ഏൽപ്പിക്കുന്നത് ആലോചിക്കും. പാർക്കിങ് സൗകര്യം വിപുലീകരിക്കും. ലൈറ്റ് സംവിധാനം വർധിപ്പിക്കും. സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടവും തിരിച്ചുപോവുന്ന വഴിയും വെവ്വേറെയാക്കും.
പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡിന് സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള സ്ഥലം തലശ്ശേരി നഗരസഭ ഏറ്റെടുത്ത് നൽകിയാൽ കേരള സർക്കാറിന് റോഡിനായുള്ള സ്ഥലം പാട്ടത്തിനായി നൽകുന്നതിന് റെയിൽവേ തയാറാവുമെന്നും കൃഷ്ണദാസ് അറിയിച്ചു.
തലശ്ശേരി വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽദാസ്, ജനറൽ സെക്രട്ടറി സജീവൻ മാണിയത്ത്, രക്ഷാധികാരി മേജർ പി. ഗോവിന്ദൻ, വൈസ് പ്രസിഡന്റുമാരായ ഇ.എം. അഷറഫ്, ബി. മുഹമ്മദ് കാസിം, ജോ. സെക്രട്ടറിമാരായ ഹാഷിം ആയില്യത്ത്, ടി.എം. ദിലീപൻ, ട്രഷറർ സി.പി. അഷറഫ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷനു വേണ്ടി പ്രസിഡന്റ് സി.പി. ആലിപ്പികേയി, സെക്രട്ടറി ശശികുമാർ കല്ലിടുംബിൽ, സീനിയർ സിറ്റിസൺ ഫോറത്തിന് വേണ്ടി എ.പി. രവീന്ദ്രൻ എന്നിവരും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.