സമ്പൂർണ ലൈബ്രറി മണ്ഡലമായി ധർമടം
text_fieldsതലശ്ശേരി: ധർമടം സമ്പൂർണ ലൈബ്രറി മണ്ഡലമായി മാറി. ഇന്ത്യയിൽ ആദ്യമായാണ് ഒരു നിയമസഭ മണ്ഡലം ഇത്തരത്തിൽ എല്ലാ വാർഡുകളിലും ലൈബ്രറികളുള്ള നിയമസഭ മണ്ഡലമായി മാറിയത്. അപൂർവ ബഹുമതി നേട്ടത്തിന്റെ പ്രഖ്യാപനം ഞായറാഴ്ച രാവിലെ 11ന് പിണറായി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
138 വാർഡുകളുള്ള ധർമടം മണ്ഡലത്തിൽ 63 വാർഡുകളിൽ ലൈബ്രറികൾ ഉണ്ടായിരുന്നില്ല. പീപ്ൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെൻറ് എന്ന ജനകീയ കൂട്ടായ്മയുടെ മാസങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ് 63 വാർഡുകളിലും ലൈബ്രറികൾ സ്ഥാപിക്കാനായതെന്ന് ജില്ല ലൈബ്രറി കൗൺസിൽ ഭാരവാഹികളായ പി.കെ. വിജയനും മുകുന്ദൻ മഠത്തിലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മുഖ്യ രക്ഷാകർത്വത്തിലായിരുന്നു മിഷൻ രൂപവത്കരിച്ചത്. കേരളത്തിലെ മറ്റെല്ലാ പ്രദേശങ്ങൾക്കും മാതൃകയാക്കാവുന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് ധർമടത്ത് നടന്നതെന്ന് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലനും പറഞ്ഞു. 2025ഓടെ കണ്ണൂർ ജില്ലയിലെ എല്ലാ വാർഡുകളിലും ലൈബ്രറികൾ സ്ഥാപിക്കാനാണ് ലൈബ്രറി കൗൺസിൽ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.