തലശ്ശേരിയിൽ ദുരന്ത നിവാരണ കൺട്രോൾ റൂം
text_fieldsതലശ്ശേരി: നഗരസഭ തല ദുരന്ത നിവാരണ സമിതി യോഗം നഗരസഭ കൗൺസിൽ ഹാളിൽ ചേർന്നു. മന്ത്രിതലത്തിലുള്ള യോഗ തീരുമാനങ്ങൾ ചെയർപേഴ്സൻ കെ.എം. ജമുനാറാണി വിശദീകരിച്ചു. റവന്യൂ, ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യം, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെ ദുരന്ത നിവാരണ കൺട്രോൾ റൂം തലശ്ശേരിയിൽ പ്രവർത്തനം തുടങ്ങി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ എമർജൻസി റസ്ക്യൂ ടീം പ്രവർത്തന സജ്ജമായി. അത്യാവശ്യഘട്ടങ്ങളിൽ നഗരസഭയിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ വളന്റിയർമാരുടെയും ഫയർഫോഴ്സിന്റെ കീഴിലുള്ള സിവിൽ ഡിഫൻസ് വളന്റിയർമാരുടെയും സേവനം ലഭ്യമാക്കും.
ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടറുടെ ഉത്തരവു പ്രകാരം അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ പലതവണ നഗരസഭ അറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കുയ്യാലിയിലെ തോട് ബ്ലോക്ക് ചെയ്യുന്ന രീതിയിലുള്ള കണ്ടൽ കാടുകൾ മുറിച്ചു മാറ്റാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കത്ത് നൽകും. കൊടുവള്ളി ബസ് സ്റ്റോപ്പിൽ അപകടകരമായ രീതിയിലുള്ള മരം ദുരന്തനിവാരണ യോഗ തീരുമാനപ്രകാരം മുറിച്ചുമാറ്റുന്നതാണ്. പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റിന് സമീപം റെയിൽവേ യാർഡിന് സമീപത്തെ ഓവുചാൽ നിർമാണത്തിന് ആവശ്യമായ തുക ഡെപ്പോസിറ്റ് നൽകിയെങ്കിലും റെയിൽവേ കൂടുതലായി ആവശ്യപ്പെട്ട ഭാരിച്ചതുക ഒഴിവാക്കിത്തരുവാൻ ജില്ല കലക്ടർക്ക് കത്തയക്കുവാൻ തീരുമാനിച്ചു. അത്യാവശ്യഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാൻ ആവശ്യമായ കേന്ദ്രങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. സാഹിറ, നഗരസഭ സെക്രട്ടറി നഗരസഭ എക്സിക്യൂട്ടിവ് എൻജിനീയർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, തലശ്ശേരി, ന്യൂമാഹി, ധർമടം കോസ്റ്റൽ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ, തലശ്ശേരി, തിരുവങ്ങാട്, കോടിയേരി വില്ലേജ് ഓഫിസർമാർ, ആശുപത്രി സൂപ്രണ്ട്, ആശുപത്രി ആർ.എം.ഒ, നഗരസഭ ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി എൻജിനീയർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.