തലശ്ശേരി കോടതിയിലെ രോഗവ്യാപനം: ആശങ്ക നീങ്ങിയില്ല
text_fieldsതലശ്ശേരി: ജില്ല കോടതിയില്‍ ന്യായാധിപർ ഉള്‍പ്പെടെയുള്ളവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില്‍ ഉറവിടം വ്യക്തമായില്ല. രോഗം ബാധിച്ചവരിൽ നിന്നും ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ച രക്തത്തിന്റെയും സ്രവത്തിന്റെയും പരിശോധനഫലം കാത്തിരിക്കുകയാണ് ആരോഗ്യവിഭാഗം അധികൃതർ. പരിശോധനഫലം ഉടൻ ലഭിക്കും. രക്തത്തിലെ പ്ലേറ്റ്ലറ്റ് കുറഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജിയെ ഐ.സിയുവില്‍ നിന്ന് കഴിഞ്ഞദിവസം റൂമിലേക്ക് മാറ്റിയിരുന്നു. രോഗം ബാധിച്ചവര്ക്കാര്ക്കും ഗുരുതരമല്ല.
കോടതിജീവനക്കാരിലും അഭിഭാഷകരിലും രോഗം വ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് വിവര ശേഖരണം നടത്തും. കോടതിവളപ്പില്‍ വെള്ളിയാഴ്ച കൊതുക് നശീകരണം നടത്തി. കോടതിക്ക് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. അഡീഷനല്‍ ജില്ല കോടതി (മൂന്ന്), അഡീഷനല്‍ ജില്ല കോടതി (രണ്ട്), സബ് കോടതി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമാണ് രോഗം പിടിപെട്ടത്. രണ്ട് ന്യായാധിപരും ചികിത്സയിലായിരുന്നു. മൂന്ന് കോടതികളിലെയും ദൈനംദിന പ്രവർത്തനം കഴിഞ്ഞ ദിവസങ്ങളിൽ തടസ്സപ്പെട്ടിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഉന്നത മെഡിക്കല്‍ സംഘം വ്യാഴാഴ്ച വൈകീട്ട് ജില്ല കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു. രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊന്നും പകര്‍ന്നതായി വിവരമില്ല. അതിനാല്‍ പകര്‍ച്ച വ്യാധിയല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.