പാളം മുറിച്ചുകടക്കല്ലേ; പിടിവീഴും
text_fieldsതലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ സുരക്ഷ സംവിധാനം കർശനമാക്കിയിട്ടും ആളുകൾ നുഴഞ്ഞുകയറി പാളത്തിലൂടെ യാത്ര ചെയ്യുന്നത് പതിവാകുന്നു. പച്ചക്കറി മാർക്കറ്റ് പരിസരത്തും ഒ.വി റോഡ് സംഗമം കവലക്ക് സമീപത്തെ വഴിയിലൂടെയുമാണ് ആളുകൾ പാളം മുറിച്ചുകടക്കുന്നത്. ഊടുവഴിയിലൂടെ അതിക്രമിച്ചു കയറുന്നത് തടയാൻ റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥർ സ്റ്റേഷന്റെ പലഭാഗത്തായി വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ട്രെയിനുകൾ വേഗതയിൽ ഓടുന്നതിനാൽ പാളത്തിലൂടെയുള്ള യാത്ര ദുരന്തത്തിന് വഴിയൊരുക്കുമെന്നാണ് റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
പച്ചക്കറി മാർക്കറ്റ് പരിസരത്ത് നടപ്പാലം ഉണ്ടെങ്കിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മറുകരയെത്താൻ പാളം മുറിച്ചുകടക്കുന്നത് പതിവാണ്. പാളം മുറിച്ചുകടക്കുന്നവരെയും സ്റ്റേഷനിൽ അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരെയും പിടികൂടി ആർ.പി.എഫ് പിഴ ഈടാക്കുന്നുണ്ട്.
എന്നാലും ആളുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ബോധവാന്മാരാകുന്നില്ല. പാളത്തിലൂടെ യാത്ര ചെയ്യുന്നത് നിരീക്ഷിക്കാൻ റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് ഓഫിസിൽ സി.സി.ടി.വി കാമറ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.