കുട്ടികളുടെ അഭിപ്രായങ്ങൾ ഹനിക്കരുത് -മുഖ്യമന്ത്രി
text_fieldsതലശ്ശേരി: കുട്ടികളുടെ അഭിപ്രായങ്ങൾ അവഗണിക്കുകയല്ല, ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിർന്നവർക്ക് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്താൻ ഈ സമീപനത്തിലൂടെ കഴിയും.
ഇത്തരമൊരു മനോഭാവമാറ്റം കുടുംബങ്ങളിൽ വന്നാൽ സമൂഹത്തിൽ ക്രമേണ മാറ്റം ഉണ്ടാക്കാനാവും. അങ്ങനെയാണ് നാം അക്ഷരാർഥത്തിൽ ബാലസൗഹൃദമായി മാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ബാലാവകാശ സംരക്ഷണ കമീഷൻ ധർമടം മണ്ഡലം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ കുട്ടികൾക്ക് അഭിപ്രായം പറയാനാവാതെ അകന്നുനിൽക്കേണ്ടിവരാറുണ്ട്. കുട്ടികളുടെ അഭിപ്രായം പ്രധാനമല്ലെന്ന അവഗണനയിൽ മാറ്റം വരേണ്ടതുണ്ട്. കൂടുതൽ വളരേണ്ടതുണ്ടെങ്കിലും ഒരു വ്യക്തി എന്നനിലക്ക് പൂർണതയുള്ളവരാണ് കുട്ടികൾ.
അവരുടെ വ്യക്തിത്വത്തെ പൂർണമായി മാനിക്കാൻ നമ്മുടെ സമൂഹത്തിന് കഴിയണം. കുട്ടികളുടെ സമഗ്ര വളർച്ചക്കുതകുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭാവി തലമുറയെ മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളാണ് നാം ആവിഷ്കരിക്കുന്നത്. അംഗൻവാടികൾ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി വിപുലീകരിക്കും.
ഒരു വർഷംകൊണ്ട് 14 കോടി ചെലവിൽ 64 അംഗൻവാടികളുടെ നിർമാണം ആരംഭിച്ചു. ഇത്തരത്തിൽ 155 അംഗൻവാടികളുടെ നിർമാണം സംസ്ഥാനത്താകെ നടന്നുവരുകയാണ്. പ്രത്യേക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പൈലറ്റ് അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ 142 അംഗൻവാടികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
അംഗൻവാടികളെ കമ്യൂണിറ്റി റിസോഴ്സ് സെന്ററുകളാക്കി വികസിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. അംഗൻവാടികളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കുമാരി ക്ലബുകളെ പുനരുജ്ജീവിപ്പിച്ച് വർണക്കൂട്ട് എന്നപേരിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. യുനിസെഫ് സോഷ്യൽ പോളിസി ചീഫ് കെ.എൽ. റാവു മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ബാലാവകാശ കമീഷൻ അംഗം ശ്യാമളദേവി, മണ്ഡലത്തിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ എന്നിവർ സംസാരിച്ചു.
ബാലാവകാശ കമീഷൻ അംഗങ്ങളായ സി.വി. വിജയകുമാർ, റെനി ആന്റണി, വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ചൈൽഡ് മെന്റർ അജ്ന പർവീൺ, ഡോ. മോഹൻ റോയ്, കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പി. സദാനന്ദൻ എന്നിവർ വിഷയമവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.