യാത്രക്കാർ കൈയൊഴിഞ്ഞു; ഡബിൾ ഡക്കർ കട്ടപ്പുറത്ത്
text_fieldsതലശ്ശേരി: യാത്രക്കാർ കൈയൊഴിഞ്ഞതിനാൽ കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് ഓട്ടം നിർത്തി. ഫെബ്രുവരിയിൽ തിരുവനന്തപുരത്തുനിന്ന് എത്തിച്ച ബസ് ഉത്സവത്തിമിർപ്പിലാണ് തലശ്ശേരിയിൽ യാത്ര തുടങ്ങിയത്. മാർച്ച് ആദ്യവാരം തലശ്ശേരി നഗരസഭ സംഘടിപ്പിച്ച തലശ്ശേരി കാർണിവലിന് ഡബിൾ ഡക്കറിലെ യാത്ര ജനത്തെ ഏറെ ആകർഷിച്ചിരുന്നു. ഉഷ്ണകാലം തുടങ്ങിയതോടെ ഡബിൾ ഡക്കറിൽ യാത്രക്കാർ കയറാതായി. ബസ് ഇപ്പോൾ കോണോർ വയലിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ്.
ഫെബ്രുവരി 22ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറും സ്പീക്കർ എ.എൻ. ഷംസീറും യാത്ര ചെയ്താണ് ബസ് ഉദ്ഘാടനം ചെയ്തത്. ഇതിനുശേഷം മാർച്ച് ആദ്യവാരം തലശ്ശേരി കാർണിവൽ അവസാനിക്കുന്നതുവരെ യാത്രക്കാരുണ്ടായിരുന്നു. ഇതിനുശേഷം യാത്രക്കാർ കുറഞ്ഞു.
ഇതോടെയാണ് ഓട്ടം നിർത്തിയത്. ആളുകൾ മുൻകൂട്ടി ആവശ്യപ്പെടുന്ന പ്രകാരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. 40 ആളുകൾവരെ ഉണ്ടെങ്കിൽ മാത്രമേ ബസ് ഓടൂ എന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചത്.
ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ചക്ക് രണ്ടരക്ക് തുടങ്ങി എട്ടരക്ക് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര. ഉച്ചക്കുള്ള കഠിനമായ ചൂട് യാത്രയെ സാരമായി ബാധിച്ചു. ചൂടിന് യാത്രചെയ്യാൻ ആളുകൾക്ക് താൽപര്യമില്ല. ഇപ്പോൾ മൂന്നും നാലും ആളുകൾ മാത്രമാണ് യാത്രക്കുണ്ടാകുന്നത്. മൂന്നു പേർക്ക് മാത്രം ബസ് ഓടിയാൽ നഷ്ടമാകും. ചൂട്മാറി മഴ വന്നാൽ മുകൾഭാഗത്ത് മേൽക്കൂരയില്ലാത്തതിനാലും യാത്ര ബുദ്ധിമുട്ടാകും.
തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിൾ ഡക്കർ തലശ്ശേരിയിലെത്തിയപ്പോൾ ആളുകൾക്ക് കൗതുകമായിരുന്നു. ബസിന്റെ താഴത്തെ നിലയിൽ 28 ആളുകൾക്ക് ഇരിക്കാനുളള സീറ്റും രണ്ട് മേശയുമുണ്ട്. മുകളിലത്തെ നിലയിൽ 21 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ സ്പീക്കർ എ.എൻ. ഷംസീർ മുൻകൈയെടുത്താണ് ബസ് തലശ്ശേരിയിലെത്തിച്ചത്.
തലശ്ശേരി ഡിപ്പോയിൽനിന്ന് തുടങ്ങി ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവ്, കോടതി, ഓവർബറീസ് ഫോളി, കോട്ട, ഗോപാലപ്പേട്ട വഴി മാഹിയിലെത്തും. മാഹി ബസിലിക്ക പള്ളി, മാഹി പുഴയോര നടപ്പാതയിൽനിന്ന് ബൈപാസിലൂടെ മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിച്ച് തലശ്ശേരി വരെയാണ് യാത്ര.
40 പേർ ആവശ്യപ്പെട്ടാൽ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയാറാണ്. 30 പേരെ കിട്ടിയാലും ബസ് ഓടിക്കാനാവുമെന്നാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.