ഓവുചാൽ സ്ലാബുകൾ തകർന്നു; കാൽനട ദുഷ്കരം
text_fieldsതലശ്ശേരി: ദേശീയപാതയിൽ ഗോപാലപേട്ട - തലായി റോഡുകൾക്ക് ഇരുവശവുമുള്ള ഓവുചാലുകളിലെ സ്ലാബുകൾ തകർന്നതിനാൽ കാൽനട ദുഷ്കരമായി. വീതി കുറഞ്ഞ ദേശീയപാതയിലൂടെ കണ്ടെയ്നറുകളും ആംബുലൻസുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ മിന്നൽ വേഗത്തിൽ കുതിക്കുമ്പോൾ കാൽനടക്കാർ ഓവുചാലുകൾക്ക് മുകളിൽ പാകിയ സ്ലാബുകളിൽ കൂടിയാണ് യാത്ര.
ഓവുചാൽ ശുചിയാക്കുമ്പോഴുള്ള മാലിന്യങ്ങളും പരിസരത്തെ കാടുകൾ നീക്കം ചെയ്തതിന്റെ അവശിഷ്ടങ്ങളും സ്ലാബുകൾക്ക് മുകളിൽ കൂട്ടിയിടുന്നതും കാൽനടക്കാരെ ദുരിതത്തിലാക്കുകയാണ്. ഒരുഭാഗത്ത് ശുചീകരണം നടത്തുകയും മറുഭാഗത്ത് അവർ തന്നെ മാലിന്യങ്ങൾ കൂട്ടിയിടുകയും ചെയ്യുകയാണ്. നഗരസഭ ജീവനക്കാർ മാലിന്യങ്ങൾ സ്ലാബിനു മുകളിൽ കൂട്ടിയിടുമ്പോൾ ഇത് കാണുന്ന യാത്രക്കാരും മാലിന്യങ്ങൾ ഇവിടെ അലക്ഷ്യമായി തള്ളുകയാണ്. വാഹനങ്ങളുടെ ബാഹുല്യവും മിന്നൽ വേഗവും കാരണം ഗോപാലപേട്ട-തലായി ദേശീയപാത അപകട മേഖലയായി മാറിയിരിക്കയാണ്.
ദിശ കാണാത്ത റോഡിലെ വളവും പലപ്പോഴും മേഖലയിൽ അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഓവുചാലുകൾക്ക് മുകളിലെ സ്ലാബുകൾ കൂടി തകർന്ന് വാഹനങ്ങൾ പോകുമ്പോൾ മാറി നിൽക്കാൻ കഴിയാതെ കാൽനടക്കാർ നെട്ടോട്ടത്തിലാണ്. പ്രദേശത്തെ ഓവുചാലുകൾക്ക് മുകളിലെ സ്ലാബുകളെങ്കിലും മാറ്റി സ്ഥാപിച്ച് കാൽനട യാത്രക്കാരെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തണമെന്നാണ് പരിസരവാസികളുടെയും സമീപത്തെ വ്യാപാരികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.