ചിറക്കുനിയിൽ ഗുഡ്സ് ഓട്ടോ പാർക്കിങ് തടയുന്നതായി ഡ്രൈവര്‍മാര്‍
text_fieldsതലശ്ശേരി: ധര്‍മടം പഞ്ചായത്ത് പാര്‍ക്കിങ് സ്ഥലം അനുവദിക്കുന്നില്ലെന്ന പരാതിയുമായി പാലയാട് ചിറക്കുനിയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്ത്. വര്‍ഷങ്ങളായി പാര്‍ക്ക് ചെയ്തിരുന്ന ചിറക്കുനിയിലെ സ്ഥലത്ത് നിന്ന് ഒരു കാരണവുമില്ലാതെ മാറ്റിയെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം. മൂന്നുമാസം മുമ്പ് നടന്ന യോഗത്തില്‍ നിലവിലുള്ള സ്റ്റാന്‍ഡില്‍ എട്ടു പാസഞ്ചര്‍ ഓട്ടോകള്‍ക്ക് മാത്രം പാര്‍ക്ക് ചെയ്ത് സർവിസ് നടത്താന്‍ തീരുമാനിച്ചിരിരുന്നു. പകരം ഗുഡ്സ് ഓട്ടോയുടെ പാര്‍ക്കിങ് ബൈപാസ് റോഡിലേക്ക് മാറ്റിയിരുന്നു. ഈ തീരുമാനത്തോട് സഹകരിച്ച ഡ്രൈവര്‍മാര്‍ ഗുഡ്സ് ഓട്ടോയുടെ പാര്‍ക്കിങ് അവിടേക്ക് മാറ്റിയെങ്കിലും ഹൈവേ അധികൃതരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയര്‍ന്നു. എട്ട് ഓട്ടോ മാത്രം പാര്‍ക്ക് ചെയ്യാം എന്ന സ്ഥലത്ത് മുഴുവന്‍ ഓട്ടോകളും പാര്‍ക്ക് ചെയ്തു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് ഓട്ടോസ്റ്റാന്‍ഡ് ആക്കാനാണ് തീരുമാനമെന്നുള്ള മറുപടിയാണ് ലഭിച്ചത്. എല്ലാ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് സംവിധാനം ഒരുക്കുന്നതിന് പഞ്ചായത്തിന് ഉത്തരവാദിത്വമുണ്ടെന്നും അതിനാല്‍ പഴയ സ്ഥലത്ത് പാര്‍ക്കിങ് അനുവദിക്കണമെന്നും ഡ്രൈവർമാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ചിറക്കുനി സ്റ്റാന്‍ഡിലെ ഗുഡ്സ് ഡ്രൈവർമാരായ വയനാന്‍ സന്തോഷ്, എം.കെ. പ്രദീപ്കുമാര്‍, പി. അജിത്ത്, എന്‍. സജീവന്, സി.എം. സനീഷ്, പി. മനോജ്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതായി പരാതി
തലശ്ശേരി: ഗുഡ്സ് ഓട്ടോ പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതായി പരാതി. മേലൂര്‍ യൂനിവേഴ്സിറ്റിക്ക് സമീപത്തെ മണപ്പുറം ഹൗസില്‍ എം.കെ. പ്രദീപ് കുമാറിനാണ് (52) മര്‍ദനമേറ്റത്. ഇയാളുടെ സഹോദരിയുടെ വീടിന് സമീപമാണ് സംഭവം. ചിറക്കുനി ടൗണില്‍ ഗുഡ്സ് ഓട്ടോ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് മർദനം. രണ്ടുപേർ ചേർന്ന് തലക്കും ദേഹത്തും മര്‍ദിക്കുകയായിരുന്നുവെന്ന് പ്രദീപ് കുമാർ പറഞ്ഞു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ചിറക്കുനിയില്‍ സ്റ്റേജിന് സമീപമുള്ള ഗുഡ്സ് ഓട്ടോപാര്ക്കിങ്ങിനെതിരെ പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തിയിരുന്നു. പാര്‍ക്കിങ്ങ് ഇവിടെ നിന്നും മാറ്റണമെന്നാണ് പഞ്ചായത്തിന്റെ നിർദേശം. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.