ഉദ്ഘാടനം കഴിഞ്ഞ് എട്ടുവർഷം; മഞ്ഞോടി മത്സ്യമാർക്കറ്റ് കോംപ്ലക്സ് അടഞ്ഞുതന്നെ
text_fieldsതലശ്ശേരി: എട്ട് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത മഞ്ഞോടി മത്സ്യമാർക്കറ്റ് കെട്ടിടം നശിക്കുന്നു. സമീപത്തെ ക്ഷേത്രത്തിെൻറ പ്രവർത്തനത്തിന് കളങ്കമാവുമെന്ന് ചൂണ്ടിക്കാട്ടി ഒരു സംഘടനയുടെ ആളുകൾ രംഗത്തെത്തിയതാണ് കെട്ടിടം പൂട്ടിയിടേണ്ട സാഹചര്യമുണ്ടായത്. കേസും മറ്റുമായി ഇത്രയും കാലം കെട്ടിടം അടഞ്ഞുകിടക്കുകയായിരുന്നു. നാഷനൽ ഫിഷറീസ് െഡവലപ്മെൻറ് ബോർഡിെൻറ സഹായത്തോടെയാണ് മാർക്കറ്റ് കെട്ടിടം നിർമിച്ചത്. കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ െഡവലപ്മെൻറ് കോർപറേഷനാണ് രണ്ടുനില കെട്ടിടത്തിെൻറ പ്രവർത്തനം നടത്തിയത്.നിർമാണഘട്ടത്തിൽ ഒരു തടസ്സവുമുണ്ടായിരുന്നില്ല. കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിയപ്പോഴാണ് എതിർപ്പുമായി ചിലർ രംഗത്തുവന്നത്.
ഉദ്ഘാടനച്ചടങ്ങിൽ എതിർപ്പ് പ്രകടിപ്പിച്ച് സംഘടനയുടെ ആളുകൾ വിട്ടുനിൽക്കുകയും ചെയ്തു. പിന്നീട് മാർക്കറ്റ് പ്രവർത്തനം അനിശ്ചിതത്വത്തിലായി. 2013 മേയ് 21ന് കോടിയേരി ബാലകൃഷ്ണൻ എം.എ.എയുടെ അധ്യക്ഷതയിൽ ഫിഷറീസ് മന്ത്രിയായിരുന്ന കെ. ബാബുവാണ് ഉദ്ഘാടനം നിർവഹിച്ചത്.
കെട്ടിടം നഗരസഭക്ക് വിട്ടുനൽകിയതായി വിവരമുണ്ട്. എന്നാൽ, മാർക്കറ്റിനായി പണിത കെട്ടിടം എന്തുചെയ്യുമെന്ന് വ്യക്തമല്ല. തലശ്ശേരിയിൽ ഏറെ വികസനസാധ്യതയുള്ള പ്രദേശമായി മഞ്ഞോടി മാറിയിട്ടുണ്ട്. മഞ്ഞോടിയിൽ നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുമെന്ന് 2005 മുതൽ പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ, ഇതുവരെ അതും യാഥാർഥ്യമായിട്ടില്ല. ഓരോ ബജറ്റിലും ഇതിനായി തുക വകയിരുത്തും. മത്സ്യ മാർക്കറ്റ് കെട്ടിടം നിർമിച്ച സ്ഥലത്തോട് ചേർന്നാണ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ ഉദ്ദേശിച്ചത്. മത്സ്യമാർക്കറ്റും പൊളിഞ്ഞുവീഴാറായ ചില കെട്ടിടങ്ങളുമുൾപ്പെടെ നഗരസഭയുടെ കൈവശമുള്ള ഈ പ്രദേശം കാടുമൂടിക്കിടക്കുകയാണ്. കേന്ദ്ര ഫിഷറീസ് വകുപ്പ് നഗരസഭക്ക് വിട്ടുനൽകിയ ഈ സ്ഥലം ഏറ്റെടുത്തിട്ട് വർഷങ്ങളായി. ഷോപ്പിങ് കോംപ്ലക്സ് തുടങ്ങിയാൽ മഞ്ഞോടിയുടെ മുഖച്ഛായതന്നെ മാറും. ഇവിടെ മണ്ണ് പരിശോധനയും മറ്റു സാധ്യതകളും എല്ലാം നടത്തി അംഗീകാരം ലഭിച്ചതാണ്. നഗരസഭക്ക് നല്ല വരുമാനവും ലഭിക്കും. എന്നാൽ, ഇതിനുവേണ്ട നടപടിക്രമങ്ങൾ അനന്തമായി നീളുകയാണ്.
കെ.എം. ജമുനാറാണി -(തലശ്ശേരി നഗരസഭാധ്യക്ഷ)
കേസും നൂലാമാലകളിലും കുടുങ്ങിയാണ് മഞ്ഞോടിയിലെ മത്സ്യ മാർക്കറ്റ് കോംപ്ലക്സ് അടച്ചിടേണ്ട സാഹചര്യമുണ്ടായത്. തടസ്സങ്ങൾ ഏതാണ്ട് നീങ്ങിവരുന്നുണ്ട്. കെട്ടിടത്തിൽ നിലവിലുള്ള ക്രമീകരണം മാറ്റി രണ്ട് മുറികൾ മത്സ്യകച്ചവടത്തിനും മറ്റ് ഭാഗങ്ങൾ വ്യാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കണമെന്നും ആലോചനയുണ്ട്. അടുത്തുതന്നെ ഇതിനൊരു പരിഹാരമുണ്ടാക്കാൻ കഴിയും. സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട് തീരുമാനമുണ്ടാക്കും.
എം.പി. അരവിന്ദാക്ഷൻ -(തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്)
തീരദേശ മത്സ്യ കോർപറേഷൻ ഫണ്ടുപയോഗിച്ച് നിർമിച്ചമഞ്ഞോടി മത്സ്യ മാർക്കറ്റ് കോംപ്ലക്സിെൻറ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കെട്ടിടം കോർപറേഷനിൽനിന്ന് വാങ്ങി ഷോപ്പിങ് കോംപ്ലക്സാക്കി മാറ്റാൻ നഗരസഭ തയാറാവണം. തദ്ദേശ വകുപ്പിൽനിന്ന് ഇതിനായി അനുമതി തേടണം. ഷോപ്പിങ് കോംപ്ലക്സ് വന്നുകഴിഞ്ഞാൽ നഗരസഭക്ക് വലിയ വരുമാനമാകും. ഇപ്പോഴുള്ള ഭരണസമിതി ഇക്കാര്യത്തിൽ ആലോചന നടത്തണം.
കെ. വിനയരാജ് -(തലശ്ശേരി നഗരസഭ മുൻ വികസന സ്ഥിരംസമിതി ചെയർമാൻ)
നിരവധി വ്യാപാരസ്ഥാപനങ്ങളും വീടുകളുമുള്ള ഏരിയയാണിത്. വികസനസാധ്യത ഏറെയുള്ള പ്രദേശം. മത്സ്യമാർക്കറ്റ് നിർമിക്കുമ്പോൾ എതിർക്കാതിരിക്കുകയും ഉദ്ഘാടനത്തിന് കെട്ടിടം തയാറായപ്പോൾ സമരവുമായി ചിലർ രംഗത്തെത്തുകയുമായിരുന്നു. അടഞ്ഞുകിടക്കുന്ന ഈ കെട്ടിടത്തിൽ ഒന്നോ രണ്ടോ മുറികൾ മത്സ്യവിൽപനക്ക് മാറ്റിവെക്കുകയും മറ്റുള്ളവ വാണിജ്യസ്ഥാപനങ്ങൾ, ഓഫിസുകൾ, ഗോഡൗണുകൾ എന്നിവക്ക് ഉപയോഗിക്കുന്നവിധം ക്രമീകരിച്ച് കെട്ടിടം തുറക്കാനാവശ്യമായ നടപടിയുണ്ടാകണം.
സി.പി. ഷൈജൻ - (സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം)
മഞ്ഞോടിയിൽ തീരദേശ വികസന കോർപറേഷൻ മത്സ്യ മാർക്കറ്റിനായി നിർമിച്ച കെട്ടിടം നഗരസഭക്ക് കൈമാറി കെട്ടിടം ആധുനികരീതിയിലുള്ള മാൾ ആയി ഉപയോഗിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.