കാത്തിരിപ്പിന് വിരാമം: തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട നിർമാണം 12ന് തുടങ്ങും
text_fieldsതലശ്ശേരി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രി യാഥാർഥ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുന്നു. ഏപ്രിൽ 12ന് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമാവും. എരഞ്ഞോളി പാലത്തിനടുത്ത കണ്ടിക്കൽ പ്രദേശത്താണ് ആശുപത്രി നിർമിക്കുന്നത്.
നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. 100 കിടക്കകളും അത്യാധുനിക സൗകര്യങ്ങളുമുള്ള ആറുനില കെട്ടിടത്തിലാണ് അമ്മയും കുഞ്ഞും ആശുപത്രി സജ്ജമാക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
കിഫ്ബി ടെക്നിക്കല്‍ കമ്മിറ്റി കൂടി അടുത്തദിവസം തന്നെ സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 12ന് ആരംഭിച്ച് ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും യോഗത്തിൽ തീരുമാനമായി. കിഫ്ബി ചീഫ് കണ്‍സൾട്ടന്റ് ശ്രീകണ്ഠന്, കിറ്റ്കോ സീനിയര്‍ കണ്‍സൾട്ടന്റ് റോജി തോമസ്, കണ്‍സൾട്ടന്റ് ഡിനോ മാണി വിതയത്തില്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന്, സെക്രട്ടറി ഷാജു, ലെയ്സണ്‍ ഓഫിസര്‍ ദീപക് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തലശ്ശേരിക്കാരുടെ സ്വപ്നപദ്ധതി
തലശ്ശേരിക്കാർ വർഷങ്ങളായി പ്രതീക്ഷയോടെ കാത്തിരുന്നതാണ് അമ്മയും കുഞ്ഞും ആശുപത്രി. എട്ടു വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്കുള്ള നടപടിക്രമങ്ങൾ പല കാരണങ്ങളാൽ നീളുകയായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രി വേണമെന്ന ആവശ്യമുയർന്നത്. വർഷങ്ങളോളം പഴക്കമുള്ള തലശ്ശേരി കടൽതീരത്തോട് ചേർന്നുള്ള ജനറൽ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനാണ് അമ്മയും കുഞ്ഞും ആശുപത്രിയിലൂടെ ലക്ഷ്യമിട്ടത്.
ഇത് യാഥാർഥ്യമാക്കുന്നതിനായി മുല്ലപ്പള്ളി രാമചന്ദ്രൻ ചെയർമാനും അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറുമായി ജനകീയ കമ്മിറ്റിയുണ്ടാക്കി ഫണ്ട് ശേഖരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആശുപത്രിക്ക് സ്ഥലമേറ്റെടുക്കാൻ ഒറ്റ ദിവസം കൊണ്ട് ഒരു കോടി 67 ലക്ഷം രൂപ അന്ന് പിരിച്ചെടുത്തു. പിന്നീട് ഈ ആവശ്യത്തിലേക്കായി 1.6 കോടി രൂപ തദ്ദേശ സ്ഥാപനങ്ങളും നൽകി.
എന്നാൽ, അനുയോജ്യമായ സ്ഥലമേറ്റെടുക്കാൻ വർഷങ്ങളെടുത്തു. ഒടുവിൽ നടപടികൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുത്തു. ചിറക്കര കണ്ടിക്കലിൽ 14 പേരുടെ കൈവശമുള്ള 2.52 ഏക്കർ ഭൂമിയാണ് ആശുപത്രിക്കായി വാങ്ങിയത്. ഇവിടെയാണ് കെട്ടിടം നിർമിക്കുന്നത്.
1,23,89,342 രൂപ നൽകിയാണ് ഭൂമി ഏറ്റെടുത്തത്. സ്ഥലമേറ്റെടുക്കാൻ ജനകീയ സമാഹരണത്തിലൂടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയും 3,38,46,549 രൂപയാണ് ആകെ സമാഹരിച്ചത്. ഭൂമി ഏറ്റെടുത്ത ശേഷം 2,27,92,470 രൂപ എസ്.ബി.ഐയിൽ നിക്ഷേപമായുണ്ട്. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ ആരോഗ്യമന്ത്രിയായിരുന്ന ശിവകുമാറാണ് ഭൂമി ഏറ്റെടുത്തു നൽകിയാൽ സർക്കാർ കെട്ടിടം നിർമിക്കാമെന്ന തീരുമാനമറിയിച്ചത്.
ഈയൊരു വ്യവസ്ഥയിലാണ് ഭൂമി വാങ്ങാൻ ജനകീയ കൂട്ടായ്മയിലൂടെ പണം സമാഹരിച്ചത്. ഭൂമി ഏറ്റെടുക്കാൻ തുക സമാഹരിക്കാൻ തുടക്കമിട്ടത് എം.പിയായ മുല്ലപ്പള്ളി രാമചന്ദ്രനും എം.എൽ.എയായ കോടിയേരി ബാലകൃഷ്ണനുമായിരുന്നു. മുല്ലപ്പള്ളി ഒരുമാസത്തെ ശമ്പളം കോടിയേരിക്ക് നൽകി.
കോടിയേരി ഒരുമാസത്തെ ശമ്പളം മുല്ലപ്പള്ളിക്കും കൈമാറിയാണ് തുടക്കം. തലശ്ശേരി നഗരസഭ, ധർമടം, പിണറായി പഞ്ചായത്തുകളിൽ നിന്നുമാണ് ജനകീയ കമ്മിറ്റി തുക സമാഹരിച്ചത്. നല്ലൊരു നീക്കമാണ് ആശുപത്രിക്ക് വേണ്ടി അന്നുണ്ടായതെങ്കിലും പിന്നീട് അതെല്ലാവരും മറക്കുകയായിരുന്നു.
ഒടുവിൽ 2021 ഫെബ്രുവരി 20നാണ് കണ്ടിക്കലിൽ ആശുപത്രിക്കായി അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ തറക്കല്ലിട്ടത്. നിർമാണത്തിന് കിഫ്ബിയിൽനിന്ന് വലിയ തുകയും അനുവദിച്ചിരുന്നു. കെട്ടിട നിർമാണത്തിന്റെ സാങ്കേതിക അനുമതി ലഭിക്കാനുണ്ടായ കാലതാമസത്താൽ നിർമാണം പിന്നെയും നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.