എരഞ്ഞോളി പുതിയ പാലം റോഡ്; സ്ഥലമേറ്റെടുപ്പ് പൂർത്തിയായി
text_fieldsതലശ്ശേരി: എരഞ്ഞോളി പുതിയ പാലത്തിന് റോഡ് സൗകര്യം ഒരുക്കാനുള്ള വഴിയൊരുങ്ങുന്നു. ഇതിനായി ഏതാനും സ്വകാര്യ വ്യക്തികളിൽനിന്ന് സർക്കാർ വാങ്ങുന്ന സ്ഥലത്തിെൻറ രേഖകൾ റവന്യൂ അധികാരികൾ സ്വീകരിച്ചു. നഷ്ടപരിഹാരം പെട്ടെന്ന് കൈമാറും. പിന്നീട് ഏറ്റെടുക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കും. ഇതിനായുള്ള ലേലനടപടികൾക്കും തുടക്കമായിട്ടുണ്ട്. 53 പേരുടെ കൈവശത്തിലുള്ള 1.76 ഏക്കർ ഭൂമിയാണ് ഇപ്പോൾ ഏറ്റെടുത്തത്. ഇതിൽ 21 കടകളും ഒരു വീടുമുണ്ട്. ഏറ്റെടുത്ത കെട്ടിടത്തിൽ രണ്ടു രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളുമുണ്ട്. എന്നാൽ, ഇവക്ക് നഷ്ടപരിഹാരം ലഭിക്കാനിടയില്ല. ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി പദ്ധതിയിൽ നവീകരിക്കുന്ന വളവുപാറ റോഡിെൻറ ഭാഗമായാണ് എരഞ്ഞോളിപ്പുഴയിൽ പുതിയ പാലം പണിയുന്നത്.
2013ലാണ് വളവുപാറ റോഡ് പ്രവൃത്തി തുടങ്ങിയത്. സമയബന്ധിതമായി പൂർത്തിയാക്കാത്തതിനെ തുടർന്ന് 2015 ഏപ്രിലിൽ ആദ്യ കരാർ റദ്ദാക്കി. രണ്ടാമതും ടെൻഡർ ചെയ്ത പ്രവൃത്തികളും ഇതുവരെ മുഴുമിച്ചിട്ടില്ല. എരഞ്ഞോളി പുഴയിൽ പണിയുന്ന സമാന്തര പാലത്തിെൻറ പ്രവൃത്തികളും പലവിധ കാരണങ്ങളാൽ ഇഴയുകയാണ്. തുടക്കത്തിൽ നടത്തിയ നിർമാണപ്രവൃത്തി ഇടക്കുവെച്ച് നിർത്തേണ്ടിവന്നിരുന്നു. എരഞ്ഞോളി പുഴയെ ജലപാതയായി പരിഗണിച്ചതിനെ തുടർന്ന് ആദ്യം കെട്ടിയ തൂണുകളുടെ ഉയരം കൂട്ടേണ്ടിവന്നതാണ് തടസ്സമായത്. ഇപ്പോൾ പുഴയിലൂടെ ബോട്ട് കടന്നുപോകാൻ മതിയായ തരത്തിലുള്ള ഉയരം കൂട്ടിയാണ് തൂണുകൾ പണിതത്. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ നിർമാണവും മുടങ്ങി.
മാസങ്ങളായി നിലച്ച നിർമാണപ്രവൃത്തി ഇൗയടുത്തായി പുനരാരംഭിച്ചെങ്കിലും കാലവർഷം കനത്തതോടെ വീണ്ടും തടസ്സപ്പെട്ടു. പുതിയ പാലത്തിെൻറ പുരോഗതിക്കായി കഴിഞ്ഞദിവസം കെ.എസ്.ടി.പി അധികൃതരെയും കരാറുകാരനെയും വിളിച്ചുവരുത്തി എം.എൽ.എയുടെ സാന്നിധ്യത്തിൽ തലശ്ശേരി സബ് കലക്ടർ ഓഫിസിൽ യോഗം ചേർന്നിരുന്നു. മൂന്നു മാസത്തിനകം പാലംപണി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇത് ഇനിയും നീളാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.