മുഖം മറച്ചാലും രക്ഷയില്ല; കുറ്റവാളികൾ കുടുങ്ങും
text_fieldsതലശ്ശേരി: വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാൻ ശാസ്ത്രീയ മാർഗവുമായി പൊലീസ്. മുഖംമറച്ച് ഏതുരീതിയിൽ കുറ്റം നടത്തിയാലും അവരുടെ നടത്തവും അംഗചലനങ്ങളും നിരീക്ഷിച്ച് പിടികൂടാനും പിടിയിലായവർ കുറ്റം ചെയ്തവരെന്ന് ഉറപ്പിക്കാനും സഹായിക്കുന്ന ഗെയിറ്റ് പാറ്റേൺ അനാലിസിസ് എന്ന നൂതന വിദ്യ പരീക്ഷണാടിസ്ഥാനത്തിൽ തലശ്ശേരി സബ് ഡിവിഷൻ പരിധിയിൽ പ്രയോഗിച്ചു തുടങ്ങിയെന്ന് എ.എസ്.പി കെ.എസ്. ഷഹൻഷ അറിയിച്ചു.
സംശയകരമായി പൊലീസ് പിടികൂടുന്നയാളെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് സംഭവിച്ചതെല്ലാം പുനരാവിഷ്കരിക്കും. പ്രതിയുടെ ശരീര ചലനരീതികൾ പകർത്തും. ഇത് ജില്ല ഫോറൻസിക് സയൻസ് ലാബിന്റെ സഹായത്തോടെ അപഗ്രഥിക്കും.
അഹ്മദാബാദിലെ സി.എഫ്.എസ്.എല്ലിന്റെ അന്തിമ വിശകലനത്തിൽ പ്രതിയെ ഉറപ്പിക്കും. ഈ രീതിയിൽ കുറ്റവാളിയുടെ പങ്ക് തെളിയിക്കപ്പെടുന്നതോടെ നിയമ പഴുതിലൂടെ പ്രതിക്ക് രക്ഷപ്പെടാനാവില്ലെന്നും എ.എസ്.പി പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂമാഹി ചാലക്കര പോന്തയാട്ടിൽ മഴക്കോട്ടും മാസ്കും ധരിച്ച് ഇരുചക്ര വാഹനത്തിലെത്തി വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പിടികൂടിയ പ്രതിയിലൂടെയാണ് തലശ്ശേരി സബ് ഡിവിഷനിൽ ആദ്യമായി ഗെയിറ്റ് പാറ്റേൺ അനാലിസിസ് മാർഗം നടത്തിയത്.
നേരത്ത മുംബൈയിൽ നടന്ന കുറ്റകൃത്യം ഗെയിറ്റ് പാറ്റേൺ അനാലിസിസിലൂടെ തെളിയിച്ചതായി എ.എസ്.പി പറഞ്ഞു. ജില്ലയിൽ ആദ്യമായാണ് ന്യൂമാഹിയിൽ ഈ സംവിധാനം പ്രയോഗിച്ചത്.
ബോംബേറ്, കൊലപാതകം, കവർച്ച, ഭവനഭേദനം, തുടങ്ങിയ ഏത് കുറ്റകൃത്യങ്ങൾ ചെയ്ത് രക്ഷപ്പെടുന്നവരെയും ഈ മാർഗത്തിലൂടെ തിരിച്ചറിയാവുമെന്നാണ് പൊലീസിന്റെ വിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.