വ്യാജ സ്വർണക്കട്ടി തട്ടിപ്പ്: പ്രതി റസാഖിനെതിരെ കൂടുതൽ അന്വേഷണം
text_fieldsതലശ്ശേരി: നിധി കിട്ടിയതാണെന്നും കിട്ടിയതുമുതൽ വീട്ടിൽ ദുർനിമിത്തങ്ങൾ കാണുന്നുവെന്നും മൂല്യം നോക്കാതെ കൈമാറുകയാണെന്നും വിശ്വസിപ്പിച്ച് വ്യാജ സ്വർണക്കട്ടി നൽകി തട്ടിപ്പ് നടത്തിയ ആൾക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുന്നു. വയനാട് കുമ്പളക്കാട് കോട്ടത്തറയിലെ ചെമ്പൻ ഹൗസിൽ റസാഖാണ് (50) പ്രതി. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥർ തലശ്ശേരിയിലെത്തും. ഇയാൾ റിമാൻഡിലാണ്.
ന്യൂ മാഹി പൊലീസ് പരിധിയിൽ സമാന തട്ടിപ്പ് നടത്തി മുങ്ങിയ റസാഖിനെ ഒരു വർഷക്കാലത്തെ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ഒളിത്താവളം വളഞ്ഞ് പൊലീസ് പിടികൂടിയത്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയാണ് ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലടച്ചത്. കഴിഞ്ഞ വർഷം ജൂൺ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയങ്ങാടിയിലെ ആറ്റക്കോയ തങ്ങളാണ് പരാതിക്കാരൻ. നിധി കിട്ടിയ സ്വർണക്കട്ടിയുണ്ടെന്നും ഇത് കിട്ടിയതു മുതൽ വീട്ടിൽ പ്രശ്നങ്ങളാണെന്നും എങ്ങനെയെങ്കിലും ഒഴിവാക്കാനായാണ് ഒരു കോടിയോളം വിലവരുന്ന തങ്കക്കട്ടി കുറഞ്ഞ വിലക്ക് കൈമാറുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പഴയങ്ങാടിക്കാരനെ, തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ മുട്ടിൽ സ്വദേശി പുതിയ പുരയിൽ ആർ.പി. ശുഹൈൽ പുന്നോലിലേക്ക് ക്ഷണിച്ച് തട്ടിപ്പിനിരയാക്കിയത്. യഥാർഥ സ്വർണമാണെന്ന് തെളിയിക്കാൻ ആദ്യഘട്ടമായി സ്വർണം പൂശിയ ഭാഗം ഉരച്ച് പൊടി നൽകി.
പാറാലിലെ ജ്വല്ലറിയിലാണ് സ്വർണക്കട്ടി ഉരച്ച് പരിശോധന നടത്തിയത്. ഇതിന് ശേഷമാണ് പത്ത് ലക്ഷത്തിന് കരാർ ഉറപ്പിച്ച് ആറ്റക്കോയ തങ്ങൾ വ്യാജ സ്വർണക്കട്ടി വാങ്ങിയത്.
പണം ഏറ്റുവാങ്ങി ശുഹൈൽ സ്ഥലം വിടുകയായിരുന്നു. പിന്നിട് ഇയാളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെയാണ് തങ്ങൾക്ക് സംശയമുണ്ടായത്. തങ്കക്കട്ടി വീണ്ടും ജ്വല്ലറിയിൽ വിശദമായി പരിശോധിപ്പിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് തലശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.
ഇതേ കേസിലെ മറ്റൊരു പ്രതി കോഴിക്കോട് ഫറോക്കിലെ കുന്നത്ത് മൊട്ട സ്വദേശി കാരാളിപറമ്പ് വീട്ടിൽ ബി. ബഷീറിനെയും (58) കഴിഞ്ഞ വർഷം ജൂലൈ നാലിന് അറസ്റ്റ് ചെയ്തിരുന്നു. ശുഹൈലിനെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ പറ്റി പൊലീസിന് വിവരം ലഭിച്ചത്.
തട്ടിപ്പ് സംഘത്തിനെതിരെ പരിയാരം, തളിപ്പറമ്പ്, ധർമടം, കൊണ്ടോട്ടി, വേങ്ങേരി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി എട്ട് കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതി െൻറ അന്വേഷണത്തിനായാണ് റിമാൻഡിൽ കഴിയുന്ന റസാഖിനെ കസ്റ്റഡിയിൽ വാങ്ങാൻ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പൊലീസ് സംഘം തലശ്ശേരിയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.