തെരുവുജീവിതത്തിന് വിട; ചെല്ലമ്മക്കും കുടുംബത്തിനും വീടൊരുങ്ങി
text_fieldsതലശ്ശേരി: തെരുവുജീവിതത്തിൽനിന്ന് മോചനം നേടാൻ ചെല്ലമ്മക്കും കുടുംബത്തിനും നഗരസഭയുടെ കൈത്താങ്ങ്. തമിഴ്നാട് സ്വദേശിനിയായ ചെല്ലമ്മക്കും മകൻ മണികണ്ഠനുമാണ് നഗരസഭ വീട് നിർമിച്ചു നൽകിയത്. കേരളപ്പിറവി ദിനത്തിൽ രാവിലെ ഒമ്പതിന് നഗരസഭ ചെയർമാൻ ഇവർക്ക് വീട് കൈമാറും.
മാടപ്പീടിക ആച്ചുകുളങ്ങര റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആശ്രയ കോളനിയിലാണ് ഇവർക്കുള്ള വീട് നിർമിച്ചത്. വൈദ്യുതീകരിച്ച ഒറ്റനില വീട്ടിൽ അമ്മക്കും മകനും ഇനി സ്വസ്ഥമായി തലചായ്ക്കാം. തമിഴ്നാട് സേലത്ത് നിന്നാണ് ചെല്ലമ്മയും കുടുംബവും 24 വർഷം മുമ്പ് തലശ്ശേരിയിൽ എത്തിയത്. മണികണ്‌ഠൻ ബി.ഇ.എം.പി സ്കൂളിന് മുന്നിലെ നടപ്പാതയിൽ ചെരിപ്പുകൾ തുന്നിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ചെല്ലമ്മ തെരുവോരങ്ങളിൽനിന്ന് കാർഡ്ബോർഡ് പെട്ടികൾ ശേഖരിച്ച് വിറ്റും അന്നത്തിനുള്ള വക കണ്ടെത്തുന്നു. സ്കൂളിന് മുന്നിൽ ഹെഡ് പോസ്റ്റ് ഒാഫിസ് റോഡിലെ കെട്ടിട വരാന്തയിലാണ് അന്തിയുറക്കം.
റേഷൻ കാർഡും മറ്റു രേഖകളുമില്ലാത്തതിനാൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതിനാലാണ് ആശ്രയ കോളനിയിലെ വീട് നൽകുന്നത്. ''പെരിയ സന്തോഷം, എല്ലാവരോടും നന്ദിയുണ്ട്. സ്വന്തമായി വീട് ലഭിച്ചതിൽ'' തമിഴ് കലർന്ന മലയാളത്തിൽ ചെല്ലമ്മയും മകൻ മണികണ്‌ഠനും പ്രതികരിച്ചു.
കൈക്കുഞ്ഞായിരുന്നപ്പോഴാണ് മകനെയുമെടുത്ത് ചെല്ലമ്മയും കുടുംബവും തലശ്ശേരിയിലേക്ക് വന്നത്. അച്ഛൻ മരിച്ചതോടെ ബി.ഇ.എം.പി സ്‌കൂളിലെ പഠനം നിർത്തി ചെരുപ്പ് തുന്നിത്തുടങ്ങിയതാണ് മണികണ്‌ഠൻ. അച്ഛെൻറ അനുജൻ ഗോപാലനും ഒപ്പമുണ്ട്. റോഡരികിലെ ഇരുമ്പ് ബോർഡ് തലയിൽ വീണ് പരിക്കേറ്റ് ചെല്ലമ്മ കുറച്ചു ദിവസം ചികിത്സയിലായിരുന്നു.
ആശ്രയ കോളനിയിൽ ഒരു വർഷമായി പൂട്ടിയിട്ട വീട് വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നവീകരിച്ചാണ് ചെല്ലമ്മക്ക് കൈമാറുന്നത്. വരാന്തയും മൂന്ന് മുറികളുമുള്ളതാണ് വീട്. പൈപ്പ് വെള്ളവും ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. സ്വന്തമായി വീട് ആയതിനാൽ കല്യാണം കഴിച്ചാൽ കൊള്ളാമെന്നും മണികണ്ഠന് ആഗ്രഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.