ഇടതുമുന്നണി വികസനപത്രിക: തലേശ്ശരി-മൈസൂരു റെയിൽപാതക്ക് പ്രഥമ പരിഗണന
text_fieldsതലശ്ശേരി: തലേശ്ശരി-മൈസൂരു റെയിൽപാതക്കും തലശ്ശേരി-കണ്ണൂർ വിമാനത്താവള പാതക്കും പ്രധാന പരിഗണന നൽകി ഇടതുപക്ഷ ജനാധിപത്യമുന്നണി തലശ്ശേരി അസംബ്ലി മണ്ഡലം വികസന പത്രിക. തലശ്ശേരിയെ ഉയരങ്ങളിലേക്ക് നയിക്കാനുള്ള നിരവധിയായ പദ്ധതികളാണ് പത്രികയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
മണ്ഡലത്തിൽ മിനി ഐ.ടി പാർക്ക് സ്ഥാപിക്കും. റെയിൽവേ ഗേറ്റുകൾക്ക് മേൽപാലം, കണ്ടിക്കലിൽ ബസ്സ്റ്റാൻഡ്, ആധുനിക നിലവാരത്തിലുള്ള ഫയർസ്റ്റേഷൻ എന്നിവയും പത്രികയിലുണ്ട്.
പുഴകളുടെ സംരക്ഷണവും മാലിന്യമുക്തമാക്കലും പ്രധാന പദ്ധതിയായി ഏറ്റെടുക്കും. ശുദ്ധജല സ്രോതസ്സുകൾക്കും സംരക്ഷണ സമിതിയുണ്ടാവും. പച്ചക്കറി സംഭരണ-വിതരണ ശൃംഖല, ക്ഷീര സ്വയം പര്യാപ്ത മണ്ഡലം, തലായി ഫിഷിങ് ഹാർബറിൽ ഡീസൽ, മണ്ണെണ്ണ ബങ്ക് എന്നിവയും ഭാവി പദ്ധതികളാണ്. മിനറൽ വാട്ടർ പ്ലാൻറ് സ്ഥാപിക്കാൻ കുടുംബശ്രീക്ക് സഹായം നൽകും.
പഞ്ചായത്തുകളിൽ പൊതു കളിസ്ഥലം, തലശ്ശേരിയിൽ ആധുനിക സ്വിമ്മിങ് പൂൾ, ഓപൺ ജിംനേഷ്യം, മൾട്ടി ജിംനേഷ്യം സെൻററുകളും സ്ഥാപിക്കും. ഹെൽത്ത് പാർക്കാണ് നൂതനമായ മറ്റൊരു ആശയം. കോടിയേരി മലബാർ കാൻസർ സെൻററിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും. അമ്മയും കുഞ്ഞും ആശുപത്രി അതിവേഗം പൂർത്തിയാക്കും. മണ്ഡലത്തെ പുരോഗതിയിലേക്ക് നയിക്കുന്ന 95 പദ്ധതികളാണ് വികസനപത്രികയിലുള്ളത്.
വികസനപത്രിക പ്രകാശനം റൂറൽ ബാങ്ക് ഹാളിൽ സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അഡ്വ. സി.ഒ.ടി. ഉമ്മറിന് നൽകി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു.
എം. ബാലൻ അധ്യക്ഷത വഹിച്ചു. സി.പി. ഷൈജൻ, എം.സി. പവിത്രൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം. സുരേന്ദ്രൻ, അഡ്വ. പി. ശശി, കെ. സുരേശൻ, കെ.കെ. ജയപ്രകാശ്, മൂർക്കോത്ത് സദാനന്ദൻ, ബി.പി. മുസ്തഫ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.