കുഞ്ഞാലി മരക്കാർ പാർക്ക് നവീകരിക്കാൻ ഫണ്ട്
text_fieldsതലശ്ശേരി: സൈദാർ പള്ളിക്ക് മുന്നിലെ കുഞ്ഞാലി മരക്കാർ പാർക്ക് നവീകരിക്കാനുള്ള നടപടി അടുത്താരംഭിക്കും. പാർക്ക് നവീകരണത്തിനും ഫിറ്റ്നസ് സ്പെയിസിനും സർക്കാർ 21 ലക്ഷം രൂപ അനുവദിച്ചു.
സ്പീക്കർ എ.എൻ. ഷംസീറിന്റെ ഇടപെടലിനെ തുടർന്ന് കേരള ബീവറേജസ് കോർപറേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.
വർഷങ്ങളുടെ പഴക്കമുള്ള പാർക്ക് കാടുകയറി നശിക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ ശനിയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 2014 ലാണ് അവസാനമായി പാർക്കിൽ നവീകരണം നടന്നത്.
തലശ്ശേരിയിലെ മറ്റു പാർക്കുകളെല്ലാം മോടി കൂട്ടിയിരുന്നെങ്കിലും ചരിത്ര പുരുഷന്റെ നാമധേയത്തിലുള്ള ഈ പാർക്കിനോട് മാത്രം അവഗണനയായിരുന്നു. പാർക്ക് നവീകരികരിച്ച് സംരക്ഷിക്കണമെന്ന് പ്രദേശത്തുകാർ നഗരസഭയോട് നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും നടപടി നീളുകയായിരുന്നു.
ഒഴിവു സമയങ്ങളും സായാഹ്നങ്ങളും ചെലവഴിക്കാൻ പ്രദേശവാസികളായ നിരവധി പേർ ഇവിടെ മുമ്പൊക്കെ എത്താറുണ്ടായിരുന്നു. എന്നാൽ, പാർക്കിന്റെ ഇന്നത്തെ അവസ്ഥ ഏറെ ശോചനീയമായതിനാൽ ആരും തിരിഞ്ഞുനോക്കാതായി. ഇരിപ്പിടങ്ങൾ ഉൾപ്പെടെ കാട് മൂടി കിടക്കുകയാണ്. ചുറ്റുമതിലിന്റെ പലഭാഗങ്ങളും തകർന്നിട്ടുണ്ട്. പാർക്കിൽ ശുചീകരണം നടത്തുമെന്ന് നഗരസഭാംഗം ടി.സി. അബ്ദുൽ ഖിലാബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.