ആർക്കും വേണ്ടാതെ ഈ കടൽത്തീരം
text_fieldsതലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്ത് വാണിജ്യ കയറ്റിറക്കുമതിയിൽ നിറഞ്ഞുനിന്ന തലശ്ശേരി കടൽത്തീരം നശിച്ചുതീരുന്നു. കടലും വേണ്ട, തീരവും വേണ്ട എന്ന സ്ഥിതിയിലേക്കാണ് പൈതൃകനഗരിയിലെ ഈ കടൽത്തീരം നാശത്തിലേക്ക് കൂപ്പുകുത്തുന്നത്.
കടലിന്റെ ആവാസവ്യവസ്ഥകളെ തകിടംമറിക്കുന്ന രീതിയിൽ തീരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അനുദിനം വ്യാപിക്കുകയാണ്. മത്സ്യ-മാംസ മാർക്കറ്റിലെയും ജനറൽ ആശുപത്രിയിലെയും അഴുക്കുവെള്ളം കടത്തിവിടുന്നതും കടലിലേക്കാണ്. തലശ്ശേരി മത്സ്യമാർക്കറ്റ് മുതൽ പോർട്ട് ഓഫിസ് വരെയുള്ള ഭാഗത്ത് മൂക്കുപൊത്താതെ നടക്കാനാവില്ല. തലശ്ശേരിയിൽ പ്രത്യേകം അറവുശാലയില്ലാത്തതിനാൽ മാംസ മാർക്കറ്റിനകത്തുതന്നെയാണ് ആടുമാടുകളെ കശാപ്പ് ചെയ്യുന്നത്. കശാപ്പിന് ശേഷമുള്ള ചോരയും അവശിഷ്ടങ്ങളും ഓവുചാലിലൂടെ കടലിലേക്കാണ് ഒഴുക്കിവിടുന്നത്.
സഞ്ചാരികൾ വിനോദത്തിനായി എത്തുന്ന കടൽപാലവും പരിസരത്തെ ഉദ്യാനവും അധികൃതർ ഇപ്പോൾ കൈയൊഴിഞ്ഞ നിലയിലാണ്. ടൂറിസം പദ്ധതിയിലുൾപ്പെടുത്തി തലശ്ശേരി കടൽതീരവും പാലവും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും എല്ലാം പാഴ് വാക്കായി മാറിയിരിക്കയാണ്.
തീരം മുഴുവൻ മാലിന്യക്കൂമ്പാരം
തലശ്ശേരി കടലോരം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിട്ട് കാലമേറെയായി. മട്ടാമ്പ്രം ഇന്ദിര പാർക്ക് മുതൽ കോടതി പരിസരത്തെ ചിൽഡ്രൻസ് സെന്റിനറി പാർക്ക് വരെയുള്ള കടൽത്തീരത്ത് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി തള്ളിയ മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞുനാറുകയാണ്.
മത്സ്യമാർക്കറ്റ് പരിസരത്താണ് മാലിന്യം കൂടുതൽ തള്ളിയിരിക്കുന്നത്. സ്ഥിരം മാലിന്യ നിക്ഷേപകേന്ദ്രമായി തലശ്ശേരി കടൽത്തീരം മാറുകയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നത്. കടൽപാലത്തിന് സമീപത്ത് കുമിഞ്ഞുകൂടിയ മാലിന്യത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മൃഗങ്ങളുടെ അവശിഷ്ടങ്ങളും പഴകിയ പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ കൂട്ടത്തിലുണ്ട്. ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും മാലിന്യം പതിവായി കടലോരത്ത് നിക്ഷേപിക്കുന്നതായും തലശ്ശേരി സിവ്യൂ പാർക്ക് മുതൽ സെന്റിനറി പാർക്ക് വരെയുള്ള കടൽത്തീരത്ത് നഗരസഭ ശുചീ കരണത്തൊഴിലാളികൾ മാലിന്യം തള്ളുന്നതായും ആക്ഷേപമുണ്ട്.
ലഹരി മാഫിയക്കാരുടെ ഇടത്താവളം
കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെയും അസാന്മാർഗിക പ്രവർത്തകരുടെയും താവളമായി തലശ്ശേരി കടൽപാലവും സമീപത്തെ തീരവും മാറിയിരിക്കുന്നു. വിസ്മൃതിയിലേക്ക് മറയുന്ന കടൽപാലം പരിസരം കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപന പൊടിപൊടിക്കുന്നത്.
പ്രവേശനം നിരോധിച്ച പാലത്തിന് സമീപം വിനോദത്തിനെത്തുന്ന വിദ്യാർഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ലഹരി വിൽപനക്കാരുടെ പ്രധാന ഇരകൾ. തിരക്കുള്ള സമയങ്ങളിലാണ് ലഹരി വിൽപനക്കാർ സംഘടിച്ചെത്തുന്നത്. ഒരിക്കൽ കണ്ടുമുട്ടിയാൽ പരിചയം നടിച്ച് ഫോൺ നമ്പർ ചോദിച്ചുവാങ്ങും. പിന്നീട് ആളുകളെ വലയിൽ വീഴ്ത്തുകയാണ് ചെയ്യുന്നത്. കടലോരം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ്-എക്സൈസ് അധികൃതർ വൈമുഖ്യം കാണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.