ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ; നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
text_fieldsതലശ്ശേരി: കെ.എസ്.ഇ.ബി ലിമിറ്റഡ് ഉടമസ്ഥതയിൽ ഉത്തരമലബാറിലെ ആദ്യത്തെ 220 കെ.വി ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുവേണ്ടി പ്രസരണമേഖല കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. 60 കോടി ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.
കാഞ്ഞിരോടുനിന്ന് തലശ്ശേരിയിലേക്ക് 110 കോടി രൂപ ചെലവഴിച്ച് പുതിയ 220/ 110 കെ.വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ട്രാൻസ്മിഷൻ ലൈൻ നിർമിച്ചിട്ടുണ്ട്. ഇതും ശനിയാഴ്ച പ്രവർത്തനക്ഷമമാവും. നിലവിൽ കതിരൂർ പഞ്ചായത്തിലെ പറാംകുന്നിലെ 110 കെ.വി സബ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിലുൾപ്പെടുത്തി നിർമിച്ചത്.
100 എം.വി.എ ശേഷിയുള്ള രണ്ട് 220/ 110 കെ.വി ട്രാൻസ്ഫോർമറുകൾ, 20 എം.വി.എ ശേഷിയുള്ള രണ്ട് 110/ 11 കെ.വി ട്രാൻസ്ഫോമറുകളാണ് സബ് സ്റ്റേഷനിലുള്ളത്. തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ നഗരസഭകൾ ഉൾപ്പെട്ട പ്രദേശങ്ങളിലും പിണറായി, കതിരൂർ, പെരളശ്ശേരി, വേങ്ങാട്, പാട്യം, എരഞ്ഞോളി, ചൊക്ലി, ന്യൂ മാഹി, കുന്നോത്തുപറമ്പ്, ധർമടം, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽപെട്ട പ്രദേശങ്ങളിൽ നേരിട്ടും കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭാഗികമായും പ്രയോജനം ലഭിക്കും.
ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സബ് സ്റ്റേഷൻ എന്നതാണ് ഇതിന്റെ പ്രത്യേകത. നൂതന സാങ്കേതിക വിദ്യയിലുള്ള സബ് സ്റ്റേഷൻ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവർത്തിപ്പിക്കാനും വിദൂരത്തുള്ള മാസ്റ്റർ കൺട്രോൾ സെന്റർ, സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ, കളമശ്ശേരി, ബാക്കപ്പ് ലോഡ് ഡെസ്പാച്ച് സെന്റർ, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും നിയന്ത്രിക്കാവുന്നതാണ്.
ജില്ലയിലെ വ്യവസായ, കാർഷിക മേഖലകൾക്കും ജി.ഐ.എസ് സബ് സ്റ്റേഷൻ ഉണർവ് പകരും. പ്രസരണ വിതരണ സംവിധാനം കാര്യക്ഷമമാകുന്നതോടെ വ്യവസായിക, കാർഷിക ഗാർഹിക ഉപഭോക്താക്കൾക്ക് ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ലഭിക്കും.
നിലവിൽ അരീക്കോട് നിന്നാണ് വടക്കൻ കേരളത്തിലേക്ക് വൈദ്യുതിയെത്തുന്നത്. ഈ ലൈനിൽ തകരാറ് സംഭവിച്ചാൽ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി ഉഡുപ്പിയിൽ നിന്ന് കാസർകോട് കരിന്തളത്തേക്ക് 1000 എം.ഡബ്ല്യു അധിക വൈദ്യുതി എത്തിക്കുന്നതിന് 400 കെ.വി പ്രസരണ ലൈനിന്റെ നിർമാണ പ്രവൃത്തി സമാന്തരമായി പുരോഗമിക്കുന്നുണ്ട്.
220 കെ.വി തലശ്ശേരി സബ് സ്റ്റേഷനെ 110 കെ.വി കൂത്തുപറമ്പ് സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതോടെ വയനാട്ടിലും തലശ്ശേരി സബ് സ്റ്റേഷന്റെ ഗുണഫലം ലഭിക്കും.
കക്കയത്ത് നിന്നുള്ള ലൈൻ ഭാവിയിൽ 220/ 110 കെ.വിയായി ശേഷി വർധിപ്പിക്കുന്നതിലൂടെ ഉഡുപ്പി വരെ നീളുന്ന വൈദ്യുതി കോറിഡോറിന്റെ ഭാഗവുമായി തലശ്ശേരി മാറും. കാസർകോട് കരിന്തളത്ത് 400 കെ.വി സബ് സ്റ്റേഷൻ കമീഷൻ ചെയ്യുന്നതിനൊപ്പം കരിന്തളം മുതൽ തലശ്ശേരി വരെ ലൈൻ ബന്ധിപ്പിക്കുന്നതോടെ കൂടുതൽ മെച്ചപ്പെട്ട വൈദ്യുതി പ്രസരണ വിതരണ ശൃംഖല ഉറപ്പുവരുത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.