പെട്ടിപ്പാലത്തെ മാലിന്യം നീക്കാൻ ആഗോള ടെൻഡർ
text_fieldsതലശ്ശേരി: മാഹി -തലശ്ശേരി ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്തെ എട്ട് ഏക്കർ ഭൂമിയിലുള്ള മാലിന്യം നീക്കംചെയ്യാൻ ആഗോള ടെൻഡർ ക്ഷണിക്കുന്നു. തലശ്ശേരി നഗരസഭ പരിധിയിലെ മാലിന്യം 87 വർഷം തള്ളിയത് പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിലായിരുന്നു. 15 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ സഹായം ശുചിത്വമിഷൻ മുഖേന ലഭിക്കാനാണ് സാധ്യത. ഹരിത ട്രൈബ്യൂണലാണ് മാലിന്യം നീക്കാൻ നിർദേശം നൽകിയത്. നീക്കം ചെയ്യേണ്ട നിയമപരമായ ഉത്തരവാദിത്തം നഗരസഭക്കാണെന്നാണ് ട്രൈബ്യൂണലിെൻറ അഭിപ്രായം. മാലിന്യം നീക്കം ചെയ്യുന്നത് വൈകിയാൽ നഗരസഭ നിയമനടപടി നേരിടേണ്ടി വരും.1927 മുതലുള്ള മാലിന്യം ഇവിടെയുണ്ട്. 2012 മാർച്ച് 20വരെ ഇത് തുടർന്നിരുന്നു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ2011 ഒക്ടോബർ 31 മുതൽ നടന്ന അനിശ്ചിതകാല സമരത്തെ തുടർന്നാണ് നഗരസഭ മാലിന്യം തള്ളുന്നത് അവസാനിപ്പിച്ചത്.
144 ദിവസം നീണ്ടുനിന്ന മാലിന്യവിരുദ്ധ സമരത്തിനൊടുവിലാണ് മാലിന്യം തള്ളുന്നത് നഗരസഭ നിർത്തിയത്. നഗരസഭയിലെ കക്കൂസ് മാലിന്യമാണ് തുടക്കത്തിൽ ഇവിടെ തള്ളിയത്. പിന്നീട് അറവ് മാലിന്യമുൾപ്പെടെ നഗരത്തിലെ മുഴുവൻ മാലിന്യവും തള്ളാൻ തുടങ്ങി. ഇപ്പോൾ 10 വർഷമായി നഗരസഭ ഇവിടെ മാലിന്യം തള്ളുന്നില്ല. എന്നാൽ, രാത്രികാലങ്ങളിൽ ചിലർ മാലിന്യം തള്ളുന്നതായി സൂചനയുണ്ട്. ഏതാനും ദിവസങ്ങൾക്കുമുമ്പ് ചത്ത പശുവിനെ പെട്ടിപ്പാലം ഗ്രൗണ്ടിന് സമീപം തള്ളിയിരുന്നു. പിറ്റേദിവസം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കുഴിയെടുത്ത് സംസ്കരിക്കുകയായിരുന്നു. ന്യൂ മാഹി ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണ് പെട്ടിപ്പാലം. സ്വകാര്യ വ്യക്തി നഗരസഭക്ക് മാലിന്യം തള്ളാൻ പാട്ടത്തിന് നൽകിയതാണ് ഭൂമി. ഇവിടെ അരനൂറ്റാണ്ടിലേറെയായി തള്ളിയ മാലിന്യം എങ്ങനെ നീക്കുമെന്നത് വലിയൊരു പ്രശ്നമാണ്. ആഗോള ടെൻഡറിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.
വൈദ്യുതി വകുപ്പിെൻറ സഹകരണത്തോടെ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഹെക്സ പാർക്ക് നിർമിക്കാൻ തീരുമാനിച്ചെങ്കിലും നടപടി എങ്ങുമെത്തിയില്ല. പദ്ധതിയുടെ നിർദേശം ലഭിച്ചതായി അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എ.എൻ. ഷംസീർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു.പദ്ധതി ടൂറിസം വകുപ്പിെൻറ പരിഗണനയിലാണ്. പദ്ധതി പ്രദേശത്തിെൻറ സ്ഥലലഭ്യത സംബന്ധിച്ച രേഖകൾ ലഭ്യമാകുന്ന മുറക്ക് മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നാണ് മന്ത്രി നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.