തലശ്ശേരിയിൽ ചരക്കുലോറി റെയിൽ പാളത്തിൽ കുടുങ്ങി
text_fieldsതലശ്ശേരി: ചരക്കുലോറി നിയന്ത്രണം വിട്ട് കൊടുവള്ളി റെയിൽവേ ഗേറ്റിലെ പാളത്തിൽ കുടുങ്ങി. സ്കൂട്ടർ, കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മംഗളൂരു- കോയമ്പത്തൂർ എക്സ്പ്രസ് കൊടുവള്ളി എത്തുന്നതിന് തൊട്ടുമുമ്പാണ് അപകടം. അപകടത്തെത്തുടർന്ന് ട്രെയിൻ ഗതാഗതവും റോഡ് ഗതാഗതവും രണ്ടര മണിക്കൂറോളം തടസ്സപ്പെട്ടു. നാല് യാത്രാവണ്ടികളും ചരക്ക് വണ്ടിയും വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു.
ചൊവ്വാഴ്ച ഉച്ച പന്ത്രണ്ടരക്കാണ് സംഭവം. കൊൽക്കത്തയിൽനിന്ന് ജിയോ ടവറിന്റെ സ്റ്റീൽ സാമഗ്രികളുമായി ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ചരക്കുലോറിയാണ് പാളത്തിൽ കുടുങ്ങിയത്. കൊടുവള്ളി റെയിൽവേ ഗേറ്റ് കടന്ന ലോറി, ഇല്ലിക്കുന്ന് കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ട് ഇറങ്ങുകയായിരുന്നു. റെയിൽവേ ഗേറ്റിന്റെ തൂൺ തകർത്തശേഷം ലോറി പാളത്തിൽ നിന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറിക്കുള്ളിൽ പെടാതെ സ്കൂട്ടർ, കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മംഗളൂരു -കോയമ്പത്തൂർ എക്സ്പ്രസ് കൊടുവള്ളി ഗേറ്റിന് സമീപവും മംഗളൂരു -കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് എടക്കാട്ടും നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് തലശ്ശേരിയിലും കണ്ണൂർ-എറണാകുളം ഇന്റർസിറ്റി കണ്ണൂരിലും ചരക്ക് ട്രെയിൻ പഴയങ്ങാടി സ്റ്റേഷനിലും നിർത്തിയിട്ടു. റെയിൽവേ ഗേറ്റിന്റെ തൂൺ തകർന്ന് സിഗ്നൽ കട്ടായതിനാൽ കൊടുവള്ളി ഗേറ്റിൽനിന്ന് നൂറുമീറ്റർ മാറി മംഗളൂരു- കോയമ്പത്തൂർ എക്സ്പ്രസ് നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.