കോടതി വിധിയിൽ സന്തോഷം
text_fieldsതലശ്ശേരി: അച്ഛനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുത്തതിൽ സന്തോഷമുണ്ടെന്ന് മകൾ രശ്മിത ദാസ്. പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാറിനെ ഫോണിൽ വിളിച്ചാണ് ഒഡിഷയിൽ നിന്ന് മകൾ സന്തോഷമറിയിച്ചത്.
ചിറക്കൽ കീരിയാട്ടെ വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി ഒഡിഷ സ്വദേശിയായ പ്ലൈവുഡ് വ്യാപാരി പ്രഭാകർ ദാസിനെ കെട്ടിയിട്ട് കുത്തിക്കൊന്ന് കവർച്ച നടത്തിയ കേസിലെ വിധി കേട്ടയുടനെയാണ് മകൾ രശ്മിത ദാസിന്റെ പ്രതികരണം.
ജീവിതകാലം ദയ അർഹിക്കാത്ത കുറ്റമാണ് പ്രതികൾ നടത്തിയത്. അമ്മയുടെയും തന്റെയും കൺമുമ്പിലിട്ടാണ് അച്ഛനെ അവർ കുത്തിക്കൊന്നത്. ഈ ഗതി ഒരു കുടുംബത്തിനും ഉണ്ടാകരുതെന്നാണ് രശ്മിതയുടെ പ്രാർഥന. ഒഡിഷക്കാരായ ഗണേഷ് നായക്, റിന്റു എന്ന തുഫാൻ പ്രധാൻ, ബപ്പുണ എന്ന രാജേഷ് ബെഹ്റ, ചിന്റു എന്ന പ്രസാന്ത് സേത്തി എന്നിവരെയാണ് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ഇരട്ട ജീവപര്യന്തം തടവിനും രണ്ടേകാൽ ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.
കണ്ണൂർ വളപട്ടണത്തെ ഗ്രീൻ പ്ലൈവുഡ് കമ്പനി ഉടമയായിരുന്നു കൊല്ലപ്പെട്ട പ്രഭാകർ ദാസ്. 2018 മേയ് 19ന് രാത്രി 11മണിയോടെയാണ് സംഭവം.
പ്രഭാകർ ദാസിനെ കെട്ടിയിട്ട ശേഷം ഭാര്യയുടെ സ്വർണാഭരണങ്ങൾ കത്തികാട്ടി അഴിച്ചുവാങ്ങുന്നതിനിടെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വർണാഭരണങ്ങളും 80,000 രൂപയും രണ്ടു മൊബൈൽഫോണും കവർച്ച ചെയ്ത ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. അഞ്ചു പ്രതികളിൽ നാലുപേരുടെ വിചാരണയാണ് പൂർത്തിയായത്. രണ്ടാം പ്രതി ഗോലിയ ദെഹ്റു ഒളിവിലാണ്.
അന്വേഷണമികവ് പ്രശംസനീയം
പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഒഡിഷയിലെത്തി അറസ്റ്റ് ചെയ്ത പൊലീസിന്റെ മികവും കോടതി വിധിയിൽ നിർണായകമായി. വധശിക്ഷ വരെ അർഹിക്കുന്ന കുറ്റമാണ് പ്രതികൾ നടത്തിയത്. ഒന്നാം പ്രതി ഗണേഷ് നായ്കിനെ മൊബൈൽ മോഷ്ടിച്ചതിന് സ്ഥാപനത്തിൽ നിന്ന് പ്രഭാകർ ദാസ് പുറത്താക്കിയതാണ് ശത്രുതക്ക് കാരണം. മകൾ രശ്മിത ദാസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വളപട്ടണം എസ്.ഐ സി.സി. ലതീഷും സംഘവും ഒഡീഷയിൽ നിന്ന് അതിസാഹസികമായാണ് പ്രതികളെ പിടിച്ചത്.
അഡീഷനൽ എസ്.പി പി.പി. സദാനന്ദന്റെ മേൽനോട്ടത്തിൽ വളപട്ടണം സി.ഐ ആയിരുന്ന എം. കൃഷ്ണനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. പ്രതികൾ കുറ്റകൃത്യം നടത്തുമ്പോൾ ധരിച്ച വസ്ത്രം, കുത്താൻ ഉപയോഗിച്ച കത്തികൾ എന്നിവയൊക്കെ തിരിച്ചറിഞ്ഞു. സംഭവത്തിന് മുമ്പ് പ്രതികൾ ഭക്ഷണം കഴിച്ച ഹോട്ടലിലെയും സഞ്ചരിച്ച വഴികളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേസിൽ നിർണായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.