ഹരിദാസൻ വധക്കേസ്: രണ്ടു പ്രതികൾക്ക് ജാമ്യം
text_fieldsതലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്ക് അഡീഷനൽ ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
അഞ്ചും ആറും പ്രതികളായ പുന്നോൽ കരോത്ത് താഴെ പി.കെ. ദിനേശ് എന്ന പൊച്ചറ ദിനേശ് (49), കൊമ്മൽവയലിലെ കടുമ്പേരി പ്രഷിജ് എന്ന പ്രജൂട്ടി (43) എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരയോടെ വീട്ടുമുറ്റത്ത് വെച്ചാണ് ആർ.എസ്.എസ് - ബി.ജെ.പി സംഘം വെട്ടിക്കൊന്നത്.
ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, സെക്രട്ടറി പ്രതീഷ് എന്ന മൾട്ടി പ്രജി എന്നിവരടക്കം പതിനേഴ് പേരാണ് പ്രതികൾ. ഏഴാംപ്രതി നിജിൽദാസിന് ഒളിവിൽ കഴിയാൻ സൗകര്യംചെയ്ത അണ്ടലൂർ ശ്രീനന്ദനത്തിൽ പി. രേഷ്മ(42)യാണ് പതിനേഴാം പ്രതി.
മൂന്നും നാലും പ്രതികളായ ചാലക്കര മീത്തലെ കേളോത്ത് വീട്ടിൽ ദീപക് എന്ന ഡ്രാഗൺ ദീപു (30), ന്യൂമാഹി ഈയ്യത്തുങ്കാട് പുത്തൻപുരയിൽ പുണർതത്തിൽ നിഖിൽ എൻ. നമ്പ്യാർ (27) എന്നിവർ ഒളിവിലാണ്. പ്രതികളെ അന്വേഷിച്ചെത്തിയ ന്യൂമാഹി പൊലീസ് സംഘം യാത്രചെയ്ത വാഹനത്തിനുനേരെ നേരത്തേ ബോംബെറിഞ്ഞിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിച്ചതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ കെ. വിശ്വൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.