ഹരിദാസൻ വധക്കേസ്: ഒന്നാം പ്രതി കെ. ലിജേഷിന് നഗരസഭാംഗത്വം നഷ്ടമായേക്കും
text_fieldsതലശ്ശേരി: കൊലക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷിന് നഗരസഭാംഗത്വം നഷ്ടമായേക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന തലശ്ശേരി നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ലിജേഷിന് അനുമതിയില്ല.
പുന്നോൽ താഴെ വയലിലെ സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ കെ. ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസിൽ റിമാൻഡ് തടവുകാരനായി കണ്ണൂർ ജയിലിൽ കഴിയുകയാണ് ടെമ്പിൾ ഗേറ്റ് കൊമ്മൽ വയലിലെ ശ്രീ ശങ്കരാലയത്തിൽ കെ. ലിജേഷ് (37). മഞ്ഞോടി വാർഡിൽ നിന്നാണ് നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ലിജേഷ് നൽകിയ അനുമതി അപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്ജി റോബിൻ സെബാസ്റ്റ്യൻ നിരസിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 10.30നാണ് കൗൺസിൽ യോഗം. തുടർച്ചയായി മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ ലിജേഷിന്റെ നഗരസഭാംഗത്വം നഷ്ടപ്പെടാനിടയുണ്ട്. കൗൺസിൽ യോഗങ്ങളിൽ സംബന്ധിക്കാനാവാത്ത സാഹചര്യത്തിൽ ലീവ് അനുവദിക്കണമെന്നപേക്ഷിച്ച് നേരത്തെ ലിജേഷ് നഗരസഭ ചെയർപേഴ്സന് നൽകിയ അവധി അപേക്ഷയും കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തള്ളിയിരുന്നു.
ഫെബ്രുവരി 21ന് പുലർച്ച ഒന്നരയോടെയാണ് മത്സ്യബന്ധന തൊഴിലാളിയായ ഹരിദാസൻ സ്വന്തം വീട്ടുമുറ്റത്ത് ദാരുണമായി കൊല ചെയ്യപ്പെട്ടത്. 17 പ്രതികളുള്ള കേസിൽ ഒരു സ്ത്രീയടക്കം 15 പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയാണ് കെ. ലിജേഷ്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ മൂന്നും നാലും പ്രതികളായ മാഹി ചാലക്കര സ്വദേശി ദീപക്, ന്യൂ മാഹി ഈയ്യത്തുങ്കാട് സ്വദേശി നിഖിൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.