വിദ്വേഷ പ്രകടനം: ഒരു ബി.ജെ.പി പ്രവർത്തകൻ കൂടി അറസ്റ്റിൽ
text_fieldsതലശ്ശേരി: നഗരത്തിൽ മതവിദ്വേഷ പ്രകടനം നടത്തിയ സംഭവത്തിൽ ഒരു ബി.ജെ.പി പ്രവർത്തകൻ കൂടി അറസ്റ്റിലായി. ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിനാണ് (28) അറസ്റ്റിലായത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ധർമടം പഞ്ചായത്തിലെ പാലയാട് വാഴയിൽ ഹൗസിൽ ഷിജിൽ എന്ന ടുട്ടു (30), കണ്ണവം കൊട്ടന്നേൽ ഹൗസിൽ ആർ. രഗിത്ത് (26), കണ്ണവം കരീച്ചാൽ ഹൗസിൽ വി.വി. ശരത് (25), മാലൂർ ശിവപുരം ശ്രീജാലയത്തിൽ ശ്രീരാഗ് (26) എന്നീ ആർ.എസ്.എസുകാർ നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ്.
ഡിസംബർ ഒന്നിന് യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിെൻറ വാർഷികദിനത്തോടനുബന്ധിച്ച് തലശ്ശേരിയിൽ സംഘടിപ്പിച്ച ജില്ല റാലിയിലാണ് മുസ്ലിംകൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. അഞ്ച് നേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല തുടങ്ങി പ്രകോപനപരവും മതസ്പർധയുളവാക്കുന്നതുമായ മുദ്രാവാക്യമാണ് പ്രവർത്തകർ വിളിച്ചത്. നിരോധനാജ്ഞ ലംഘിച്ച് വെള്ളിയാഴ്ച്ച തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ നേതാക്കൾ ഉൾപ്പെടെ പത്തുപേരെയും നേരത്തെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. 250 പ്രവർത്തകർക്കെതിരെയാണ് ഈ സംഭവത്തിൽ പൊലീസ് കേസെടുത്തത്.
പ്രകടനത്തിന് നേതൃത്വം നൽകിയ ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ്, ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി പി.വി. ശ്യാം മോഹൻ, ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് പ്രദീപ് ശ്രീലകം, ബി.ജെ.പി മുൻ മണ്ഡലം പ്രസിഡന്റ് എം.പി. സുമേഷ്, യുവമോർച്ച നേതാവ് ഇ.പി. ബിജു എന്നിവരാണ് അറസ്റ്റിലായ നേതാക്കൾ. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.