വിദ്യാർഥിനികളിലെ ദേഹാസ്വാസ്ഥ്യം; ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്
text_fieldsതലശ്ശേരി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ വിദ്യാർഥിനികൾ സുഖം പ്രാപിക്കുന്നു. ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ 20 ഓളം വിദ്യാർഥിനികൾക്കാണ് വ്യാഴാഴ്ച് അലർജി ഉൾപ്പെടെ വ്യത്യസ്തമായ ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടത്.
അഞ്ച് കുട്ടികൾ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് അഞ്ച് കുട്ടികൾ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് കുട്ടികൾ വെള്ളിയാഴ്ച ഡിസ്ചാർജായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏതാനും കുട്ടികളുടെ രക്തവും സ്രവവും സാമ്പിളെടുത്ത് പരിശോധനക്കായി ശേഖരിച്ചിരുന്നു.
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ ഫോഗിങ്ങ് നടത്തി. സ്കൂളും പരിസരത്തെ ഓവുചാലും മുനിസിപ്പൽ കണ്ടിജന്റ് തൊഴിലാളികൾ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തികൾ ശനിയാഴ്ചയും തുടരും. കുട്ടികളിലുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ ഭയപ്പെടാനില്ലെന്ന് ആരോഗ്യവിഭാഗം അധികൃതർ വ്യക്തമാക്കി. സ്കൂളിൽ ശുചിത്വം ഉറപ്പാക്കുമെന്ന് പ്രിൻസിപ്പൽ രാജീവൻ പറഞ്ഞു.
തലശ്ശേരി ജില്ല കോടതിയിലെ സിക വൈറസ് ഭീതി വിട്ടൊഴിയും മുമ്പാണ് ഗേൾസ് സ്കൂളിലെ കുട്ടികൾക്കും അലർജിക്ക് സമാനമായ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടത്. ഒരേ ക്ലാസിലിരിക്കുന്നവർക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത് കുട്ടികളെ ഭീതിയിലാക്കി.
അവശ നിലയിൽ ജനറൽ ആശുപത്രിയിലെത്തിയ കുട്ടികളെ നിരീക്ഷണത്തിലാക്കിയ ശേഷമാണ് പിന്നീട് വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. ദേഹമാസകലം ചൊറിച്ചിലും വേദനയുമാണ് കുട്ടികൾക്ക് ആദ്യം അനുഭപ്പെട്ടത്. ചില കുട്ടികൾക്ക് കടുത്ത ശ്വാസതടസ്സവുമുണ്ടായി. സംഭവത്തെ തുടർന്ന് സ്കൂളിന് വെള്ളിയാഴ്ച അവധി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.