തലശ്ശേരിയിൽ കടലാക്രമണം രൂക്ഷം
text_fieldsതലശ്ശേരി: മട്ടാമ്പ്രം ഇന്ദിര പാർക്ക് പരിസരം, പാലിശ്ശേരി, തലായി, മാക്കൂട്ടം, പുന്നോൽ പെട്ടിപ്പാലം, കൊടുവള്ളി മണക്കാദ്വീപ് പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം. പെട്ടിപ്പാലം കോളനിയില്‍ കടല്‍വെള്ളം ഇരച്ചുകയറുന്നതിനാൽ ഇവിടെയുള്ള നിരവധി കുടുംബങ്ങൾ ഭീതിയിലാണ്. തലശ്ശേരി മേഖലയിൽ കടൽക്ഷോഭമുണ്ടാകുമ്പോൾ കൂടുതൽ നാശമുണ്ടാകുന്നത് ഇവിടെയാണ്.
ശക്തമായ തിരയിളക്കത്തിൽ കടൽഭിത്തിയും കടന്ന് വെള്ളം ഇരച്ചെത്തുന്നത് ഇടതിങ്ങിയുള്ള കൂരകളിലേക്കാണ്. കടൽക്ഷോഭം തടയുന്നതിനുള്ള സുരക്ഷാമാർഗങ്ങളൊന്നും ഇവിടെയില്ല. കോളനിവാസികളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ അധികൃതർ അവഗണിക്കുകയായിരുന്നു. മഴക്കാലമാകുന്നതോടെ ആധിയിലാണ് കുടുംബങ്ങൾ.
തലശ്ശേരിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കടൽ പ്രക്ഷുബ്ധമായത്. പെട്ടിപ്പാലം കോളനി വളപ്പിൽ കടല്‍വെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് സേഫ്റ്റി ടാങ്ക് തകര്‍ന്നു. 300 ഓളം പേര് താമസിച്ചുവരുന്ന കോളനിയില്‍ മലിനവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ജനം ദുരിതത്തിലായി. ശക്തമായ തിരമാലയെ തുടര്‍ന്ന് കോളനി കെട്ടിടത്തിന്റെ താഴെത്തട്ടിലുള്ള ജനാലകള്‍ ഇളകിയ നിലയിലാണ്. ജനാലകള്‍ തകര്‍ന്നതിനാല്‍ കടല്‍വെള്ളം കെട്ടിടത്തിനുള്ളില്‍ വരെയെത്തി. തലശ്ശേരി കടൽപാലത്തിലും തിരയേറ്റത്തിൽ വെള്ളം ഇരച്ചെത്തി.
വർഷങ്ങളോളം പഴക്കമുള്ള കടൽപാലം തകർച്ച നേരിട്ടുക്കൊണ്ടിരിക്കുകയാണ്. പാലം സംരക്ഷിച്ചുനിർത്തുമെന്ന അധികൃതരുടെ വാഗ്ദാനവും ജലരേഖയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.