ട്രാഫിക് നിയന്ത്രിക്കാൻ ഹേമന്ത് കുമാർ ഇനി വരില്ല
text_fieldsതലശ്ശേരി: തിരുവങ്ങാട് കീഴന്തിമുക്കിൽ ഗതാഗതം നിയന്ത്രിക്കാൻ ഹേമന്ത് കുമാർ ഇനിയില്ല. രാവിലെയും വൈകീട്ടും ഗതാഗതം നിയന്ത്രിച്ച് സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കി ശ്രദ്ധേയനായിരുന്നു ഹേമന്ത് കുമാർ. ലോട്ടറി വിൽപനക്കിടയിലാണ് ഈ ജനസേവനം. കഴിഞ്ഞ ദിവസം കീഴന്തിമുക്കിൽ വെച്ച് ബസിടിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് ചിറക്കര കെ.ടി.പി മുക്കിലെ കോവിലകത്ത് ഹേമന്ത് കുമാർ (73) മരിച്ചത്.
ലോട്ടറി വിൽപനക്കിടയിൽ ഒരു കൈയിൽ വിസിലുമായി ഗതാഗതം നിയന്ത്രിക്കുന്ന ഹേമന്ത് കുമാർ കീഴന്തി മുക്കിലെയും മഞ്ഞോടിയിലെയും ജനങ്ങൾക്കും വ്യാപാരികൾക്കും ഏറെ സുപരിചിതനാണ്. വിദ്യാർഥികളെ സുരക്ഷിതരായി സ്കൂളിലെത്തിക്കാൻ ഒരു കുടുംബനാഥനെ പോലെ എല്ലാ ദിവസവും ഗതാഗതം നിയന്ത്രിക്കാൻ രംഗത്തുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സാന്നിധ്യം ട്രാഫിക് പൊലീസുകാർക്കും ഉപകാരമായിരുന്നു.
വിസിലടിയുടെ ശബ്ദമുയർന്നാൽ ഹേമന്ത് കുമാർ സ്ഥലത്തുണ്ടെന്ന് ഉറപ്പാക്കാമായിരുന്നു. ഇദ്ദേഹത്തിന്റെ മരണം വിദ്യാർഥികളെയാണ് ഏറെ സങ്കടപ്പെടുത്തുന്നത്. പരേതരായ ടി.കെ. അംബു -കെ. രാധ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.