പൈതൃകങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം -മന്ത്രി റിയാസ്
text_fieldsതലശ്ശേരി: വർത്തമാനകാലത്ത് പൈതൃകങ്ങൾ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കൽ അനിവാര്യമാണെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃകപദ്ധതിയിൽ ഉൾപ്പെടുന്ന ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഹെർമൻ ഗുണ്ടർട്ടിന്റെ ജീവചരിത്രം മറച്ചുവെക്കാൻ കഴിയില്ല. സാമൂഹിക- വിദ്യാഭ്യാസ രംഗത്ത് നിസ്തുല സംഭാവനകൾ അദ്ദേഹം നൽകി. നിലവിൽ ചരിത്രങ്ങളെ പലരും തമസ്കരിക്കുകയാണെന്നും ഇതിനെതിരെ ഇത്തരം മ്യൂസിയങ്ങൾ കരുത്തായി മാറണമെന്നും മന്ത്രി പറഞ്ഞു. ആധുനികരീതിയിൽ സജ്ജീകരിച്ച ഗുണ്ടർട്ട് മ്യൂസിയം കേരളത്തിലെ ടൂറിസം സാധ്യത വർധിപ്പിക്കുന്നതാണ്.
വിദേശസഞ്ചാരികളെയടക്കം ആകർഷിക്കാൻ ഗുണ്ടർട്ട് മ്യൂസിയത്തിന് സാധിക്കും. വിനോദസഞ്ചാരത്തിന്റെ പ്രചാരണത്തിന് ഗുണ്ടർട്ട് മ്യൂസിയത്തെയും ഉപയോഗിക്കും. തലശ്ശേരിയെ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പുനൽകി. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സി.എസ്.ഐ മലബാർ രൂപത ബിഷപ് ഡോ. റോയ്സ് മനോജ് വിശിഷ്ടാതിഥിയായി. തലശ്ശേരി നഗരസഭ ചെയർപേഴ്സൻ ജമുനാറാണി, കൗൺസിലർ മജ്മ പ്രഷിത്ത്, തലശ്ശേരി സബ് കലക്ടർ അനുകുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് സി.പി. ജയരാജ്, ടൂറിസം ഇൻഫർമേഷൻ ഓഫിസർ കെ.സി. ശ്രീനിവാസൻ, വിവിധ രാഷ്ട്രീയപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വരൂ... ഗുണ്ടർട്ടിനെ അറിയാം, പഠിക്കാം
ജർമൻകാരനായ അക്ഷരസ്നേഹി ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ വരൂ അദ്ദേഹത്തിന്റെ ജീവിതം പഠിക്കാം. അതും നൂതന സാങ്കേതികവിദ്യയിലൂടെ. ഒമ്പത് സോണുകളായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇതിൽ ഗുണ്ടർട്ടിന്റെ ജീവിതവും രചനകളും സംഭാവനകളും അടങ്ങിയിട്ടുണ്ട്. മ്യൂസിയത്തിനകത്ത് പ്രവേശിച്ചാൽ തലശ്ശേരി പൈതൃകപദ്ധതിയെ കുറിച്ചുള്ള വിവരണങ്ങളും ഭൂപടവും ആമുഖമായി നൽകിയിട്ടുണ്ട്. സോൺ രണ്ടിൽ ഗുണ്ടർട്ടിന്റെ ചിത്രങ്ങളും വിഡിയോകളും ആസ്വദിക്കാനാകും. മറ്റു സോണുകളിലായി ഗുണ്ടർട്ട് ഭാഷക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ, നിഘണ്ടുവും വ്യാകരണവും ഐതിഹാസിക രചനകളും സന്ദർശകർക്ക് നൂതന വിദ്യാഭ്യാസ സഹായത്തോടെയാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ഹെർമൻ ഹെസ ലൈബ്രറിയും ഗുണ്ടർട്ട് ഹാളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. 4.34 കോടി രൂപ ചെലവഴിച്ചാണ് 'ഗുണ്ടർട്ട് ബംഗ്ലാവ് ഡെവലപ്മെന്റ് ഓഫ് കംപോണൻറ്സ്' എന്ന സ്വപ്നപദ്ധതി യാഥാർഥ്യമാക്കിയത്. ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാപഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യവുമുണ്ടാവും. പഴയ ബംഗ്ലാവിന്റെ തനിമ നിലനിർത്തിയാണ് നവീകരണം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.