രക്ഷകരായി ആശുപത്രി ജീവനക്കാർ; യുവാവിന് പുതുജീവൻ
text_fieldsതലശ്ശേരി: ആശുപത്രി ജീവനക്കാരുടെ സന്ദർഭോചിതമായ ഇടപെടലിൽ ബസ് യാത്രക്കിടെ കുഴഞ്ഞുവീണയാളെ രക്ഷിച്ചു. തലശ്ശേരി - ഇരിട്ടി റൂട്ടിലോടുന്ന ബസിൽ ജോജോ എന്ന യുവാവാണ് യാത്രക്കിടയിൽ കുഴഞ്ഞുവീണത്. അതേ ബസിൽ യാത്രക്കാരായിരുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ജീവനക്കാരായ സ്റ്റാഫ് നഴ്സ് ശ്രുതി ലാലൻ, ഡയാലിസിസ് ടെക്നീഷ്യൻ കെ.ആർ. അഞ്ജു എന്നിവർ ഇടപെടുകയും പൾസ് റേറ്റ് വളരെ കുറവായത് കണ്ടപ്പോൾ ആവശ്യമായ പ്രഥമ ശുശ്രൂഷ ബസിൽ വെച്ച് തന്നെ നൽകുകയുമായിരുന്നു.
തുടർന്ന് യുവാവിനെ ബസിൽതന്നെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് ചികിത്സ ലഭ്യമായതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി. ജീവനക്കാരെ ആശുപത്രി ഭരണസമിതിയും സ്റ്റാഫും അനുമോദിച്ചു.
മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യം ഉപഹാരം കൈമാറി. ആശുപത്രി പ്രസിഡന്റ് കെ.പി. സാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കണ്ടോത്ത് ഗോപി, മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രദീപ് കുമാർ, ജനറൽ മാനേജർ ബെന്നി ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.