നാട്ടുകാർ കൈകോർത്തു; സഹോദരിമാർക്ക് വീടൊരുങ്ങി
text_fieldsതലശ്ശേരി: മാതാപിതാക്കളില്ലാത്ത കുട്ടികൾക്ക് സഹപാഠികളുടെയും നാട്ടുകാരുടെയും തണലിൽ സ്വന്തമായി വീടൊരുങ്ങി. കതിരൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിനാണ് സ്കൂൾ മുൻകൈയെടുത്ത് പാട്യം പഞ്ചായത്തിലെ കോങ്ങാറ്റയിൽ അഞ്ച് സെന്റ് സ്ഥലത്ത് സ്വന്തം വീട് നിർമിച്ചുനൽകിയത്.
ചൊവ്വാഴ്ച രാവിലെ 10ന് സ്പീക്കർ എ.എൻ. ഷംസീർ വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറും. കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്തംഗം എ. മുഹമ്മദ് അഫ്സൽ ചെയർമാനും പ്രധാനാധ്യാപകൻ പ്രകാശൻ കർത്ത കൺവീനറുമായുള്ള ഭവന നിർമാണ കമ്മിറ്റിയാണ് വീട് നിർമാണത്തിനുള്ള പണവും മറ്റും സ്വരൂപിച്ചത്.
ഭൂമിയില്ലാത്ത കുടുംബത്തിന് വേറ്റുമ്മൽ മഹല്ല് കമ്മിറ്റിയും മറ്റ് ഉദാരമതികളു ചേർന്ന് ഭൂമി വാങ്ങി നൽകി. വിദ്യാർഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, പൂർവ വിദ്യാർഥികൾ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വീട് നിർമാണത്തിന് പണം കണ്ടെത്തുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി. 12.5 ലക്ഷത്തോളം വീട് നിർമാണത്തിന് ചെലവായി.
കതിരൂർ വയർമെൻ അസോസിയേഷൻ പ്ലംബിങ് സാമഗ്രികളും സൗജന്യമായി നൽകി. നിരവധി വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വീട് നിർമാണത്തിൽ പങ്കാളികളായിരുന്നുവെന്ന് ജില്ല പഞ്ചായത്തംഗം എ. മുഹമ്മദ് അഫ്സൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുട്ടികൾക്ക് സ്വന്തമായി വീടില്ലെന്ന കാര്യം അധ്യാപകർ അറിഞ്ഞതോടെ സ്കൂൾ സ്റ്റാഫ് മീറ്റിങ്ങിൽ ചർച്ച ചെയ്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കമ്മിറ്റി രൂപവത്കരിച്ച് വീട് നിർമാണം ഏറ്റെടുക്കുകയായിരുന്നു.
പി.ടി.എ പ്രസിഡന്റ് പി. ശ്രീജേഷ്, പ്രധാനാധ്യാപകൻ പ്രകാശ് കർത്ത, പ്രിൻസിപ്പൽ എസ്. അനിത, ചന്ദ്രൻ കക്കോത്ത്, പി. പ്രമോദൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.