പാലയാട്ടെ വീട് കവർച്ച; നാലുപേർ അറസ്റ്റിൽ
text_fieldsതലശ്ശേരി: പാലയാട് ചിറക്കുനി മാണിയത്ത് സ്കൂൾ റോഡിലെ വീട്ടിൽ കയറി അഞ്ച് പവൻ സ്വർണാഭരങ്ങളും 5,000 രൂപയും മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിലായി.
വടകര മുട്ടുങ്കൽ നങ്ങ്യാറത്ത് കുനിയിൽ ഹൗസിൽ എൻ.കെ. മണി (40), ചെന്നൈ തിരുവള്ളൂർ തൊടുക്കാട് സതീഷ് കുമാർ (35), തഞ്ചാവൂർ വല്ലം പെരിയനഗറിലെ ആർ. വിജയൻ (35), തഞ്ചാവൂർ ഗാന്ധിനഗർ കോളനിയിലെ സെങ്കിപ്പെട്ടി മുത്തു (32) എന്നിവരാണ് പിടിയിലായത്.
മോഷണസംഘത്തിലെ പ്രധാന സൂത്രധാരനായ മണിയെയും സതീഷ് കുമാറിനെയും ധർമടം എസ്.ഐ ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
കൊയിലാണ്ടി പൊലീസാണ് വിജയനെയും മുത്തുവിനെയും അറസ്റ്റുചെയ്തത്. കഴിഞ്ഞ 16ന് രാത്രി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ചിറക്കുനിയിലെ പി.കെ. സതീശന്റെ വീട്ടിൽനിന്നാണ് ആഭരണങ്ങളും പണവും കവർന്നത്.
മോഷ്ടാക്കൾ എത്തിയത് ഗുഡ്സ് ഓട്ടോയിലാണെന്ന് വ്യക്തമായതിനെ തുടർന്ന് ഇതു സംബന്ധിച്ച അന്വേഷണത്തിലാണ് ഡ്രൈവറായ മണിയിലേക്ക് അന്വേഷണം നീണ്ടത്. ഇയാളെ അറസ്റ്റുചെയ്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സതീഷ് കുമാറിനും മറ്റുള്ളവർക്കും പങ്കുള്ളതായി വ്യക്തമായത്.
വീടിന്റെ പിറക് വശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരങ്ങളും പണവും പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു ഇത്. മോഷണം സംബന്ധിച്ച് ധർമടം പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പൊലീസ് ശേഖരിക്കുകയും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലെത്തത്തി തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മെഷീൻ ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കാൻ എന്ന പേരിൽ ഗുഡ്സ് ഓട്ടോയിൽ പകൽ കറങ്ങി സ്ഥലവും വീടും നിരീക്ഷിച്ച് രാത്രി മോഷണത്തിനിറങ്ങുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്ക് മറ്റ് മോഷണ സംഭവങ്ങളിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.