അനധികൃത പാർക്കിങ്; നടപടിക്കൊരുങ്ങി പൊലീസും -മോട്ടോർ വാഹന വകുപ്പും
text_fieldsതലശ്ശേരി: നഗരത്തിലെ അനിയന്ത്രിത പാർക്കിങ്ങിനെതിരെ പൊലീസും ആർ.ടി.ഒയും കർശന നടപടി സ്വീകരിക്കും. ചൊവ്വാഴ്ച നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലുള്ള ട്രാഫിക് സംവിധാനത്തെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.
ഒ.വി റോഡിൽ കീർത്തി ആശുപത്രിക്കുസമീപം കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിർത്തുന്നത് പൂർണമായും തടയും. ആവർത്തിച്ചാൽ കർശന നടപടികൾ സ്വീകരിക്കും.
ജൂബിലി റോഡിലെ ഡൗൺ ടൗൺ മാൾ, ലോഗൻസ് റോഡ് എന്നിവ ഉൾപ്പെടെയുള്ള സ്ഥലത്ത് അനധികൃത ഓട്ടോ പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കും. ടി.എം.സി നമ്പറില്ലാത്ത ഓട്ടോകൾ പാർക്ക് ചെയ്യുന്നതിനെതിരെയും നടപടിയുണ്ടാവും. മെയിൻ റോഡിലെ വൺവേ സംവിധാനത്തിനെതിരെ ജോൺ ജോസഫ് ലോകായുക്ത മുമ്പാകെ നൽകിയ കത്തും യോഗത്തിൽ ചർച്ചയായി.
മെയിൻ റോഡിലെ കയറ്റിറക്ക് സമയക്രമം മുൻ തീരുമാനപ്രകാരം കർശനമാക്കും. റൂട്ടുമാറി ഓടുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കും. നഗരസഭയും പൊലീസും ചേർന്ന് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന സി.സി.ടി.വി സംവിധാനം പുനഃസ്‌ഥാപിക്കൽ വേഗത്തിലാക്കാൻ തീരുമാനമായി.
എരഞ്ഞോളിപ്പാലത്തിനുസമീപം ബസുകൾ സ്റ്റോപ്പിൽ നിർത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കും. സ്വകാര്യ പാർക്കിങ് പ്രോത്സാഹനവും നൽകും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, നഗരസഭ എൻജിനീയർ ജസ്വന്ത്, ട്രാഫിക് ഉദ്യോഗസ്ഥർ, എ.എം.വി.ഐ, ട്രാഫിക് എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.