പ്രവാസിയെ ജയിലിലടച്ച സംഭവം: എസ്.െഎക്കെതിരെ വകുപ്പുതല ശിക്ഷ
text_fieldsതലശ്ശേരി: ചെയ്യാത്ത കുറ്റത്തിന് പ്രവാസി യുവാവിനെ പ്രതിയാക്കി ജയിലിലടച്ച എസ്.ഐക്കെതിരെ വകുപ്പുതല ശിക്ഷ. ചക്കരക്കല്ല് മുന്‍ എസ്.ഐ പി. ബിജുവിനെതിരെയാണ് നടപടി. ഒരു വര്‍ഷത്തേക്കുള്ള ശമ്പളവും പ്രമോഷനും തടഞ്ഞാണ് ഉത്തരമേഖല ഐ.ജി അശോക് യാദവ് പുതിയ ഉത്തരവിറക്കിയത്. കതിരൂര്‍ സ്വദേശിയായ വി.കെ. താജുദ്ദീനാണ് ചെയ്യാത്ത കുറ്റത്തിന് പൊലീസ് പീഡനത്തിനിരയായത്. മോഷണക്കുറ്റം ആരോപിച്ച് 54 ദിവസമാണ് താജുദ്ദീന് ജയിലിൽ കഴിയേണ്ടിവന്നത്. വഴിയാത്രക്കാരിയുടെ കഴുത്തിൽനിന്നും ബൈക്കിലെത്തി സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ടെന്നായിരുന്നു താജുദ്ദീനെതിരെ പൊലീസ് ചുമത്തിയ കേസ്. എസ്.െഎ പി. ബിജുവാണ് കേസെടുത്തത്.
നേരത്തെ കണ്ണൂര്‍ റേഞ്ച് െഡപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അന്ന് വകുപ്പുതല നടപടിയുടെ ഭാഗമായി എസ്.ഐ ബിജുവിനെ സ്ഥലംമാറ്റുകയായിരുന്നു. ഇതിനെതിരെ താജുദ്ദീന്‍ പിന്നാക്ക സമുദായ ക്ഷേമ സമിതി മുമ്പാകെ ഹരജി സമര്‍പ്പിച്ചു. നടപടിക്കെതിരെ എസ്.ഐ ബിജുവും അപ്പീൽ സമര്‍പ്പിച്ചു. എന്നാൽ, എസ്.ഐയുടെ അപ്പീൽ എതിര്‍ത്താണ് ഐ.ജി ശമ്പളവും സ്ഥാനക്കയറ്റവും തടഞ്ഞ് ഉത്തരവിറക്കിയത്. വിഷയത്തിൽ വിശദീകരണം നൽകാനായി 60 ദിവസം സമയം മേലുദ്യോഗസ്ഥൻ എസ്.ഐക്ക് അനുവദിച്ചിരുന്നു.
സ്ത്രീയുടെ മാല പൊട്ടിച്ച കേസിന്‍റെ അന്വേഷണ കാലയളവില്‍ ശാസ്ത്രീയമായ ഒരു തെളിവുകളും എസ്.ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. പ്രതിചേര്‍ക്കപ്പെട്ട ആളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സംഭവസമയത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍, മോഷണത്തിനായി ഉപയോഗിച്ച വാഹനത്തിന്‍റെ നിറം എന്നിവ എസ്.ഐ പരിശോധിച്ചില്ലെന്ന് ഐ.ജിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
2018 ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം. എസ്.ഐക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ കേസന്വേഷണം ഏറ്റെടുക്കുകയും കേസിലെ യഥാര്‍ഥ പ്രതി വടകര അഴിയൂരിലെ ശരത് വത്സരാജിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതോടെ എസ്.ഐക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പീഡിപ്പിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനും 1.40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താജുദ്ദീന്‍ നല്‍കിയ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.