യുവാവിനെ കസ്റ്റഡിയിൽ മർദിച്ച സംഭവം: പൊലീസ് പ്രതിക്കൂട്ടിൽ
text_fieldsതലശ്ശേരി: യുവാവ് പൊലീസ് മർദനത്തിനിരയായ സംഭവത്തിൽ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. പൊലീസ് മർദനം സാധൂകരിക്കുന്നതാണ് മെഡിക്കൽ റിപ്പോർട്ട്. പാലയാട് ചിറക്കുനിയിലെ പാവനം വീട്ടില്‍ സി.പി. പ്രത്യുഷിന് (31) മർദനമേറ്റ സംഭവത്തിൽ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്നുള്ള പരിശോധന റിപ്പോർട്ടാണ് പുറത്തുവന്നത്. ജൂലൈ ആറിനാണ് പ്രത്യുഷിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയത്.
കടൽപാലത്തിനുസമീപം ഭാര്യ മേഘക്കൊപ്പം വിശ്രമിക്കാനെത്തിയപ്പോഴാണ് പൊലീസിൽ നിന്നും പ്രത്യുഷിന് ദുരനുഭവമുണ്ടായത്. തലശ്ശേരി പൊലീസ് സ്റ്റേഷനില്‍വെച്ച് സി.ഐ ഉള്‍പ്പെടെ എട്ടുപേർ ചേർന്ന് മർദനത്തിനിരയാക്കിയെന്നാണ് റിപ്പോര്‍ട്ട്. പ്രത്യുഷ് പരിശോധിച്ച ഡോക്ടർക്ക് നൽകിയ മൊഴി സാധൂകരിക്കുന്ന നിലയിലാണ് മെഡിക്കൽ റിപ്പോർട്ട്.
ഒരു മണിക്കൂറോളം ഷൂസിട്ട കാല്കൊണ്ട് മുഖത്തും ഇരുകൈകളിലും കാലുകളിലും ചവിട്ടുകയും കൈകൊണ്ട് ഇടിക്കുകയും ചെയ്തെന്നാണ് പ്രത്യുഷ്, പരിശോധിച്ച ഡോക്ടര്‍ക്ക് കൊടുത്ത മൊഴി. ഇതു ശരിവെക്കുന്നതാണ് പ്രത്യുഷിന്റെ ദേഹത്ത് കാണപ്പെട്ട പരിക്കുകളും വ്യക്തമാക്കുന്നത്. ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസറാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ അഞ്ചിന് രാത്രിയാണ് റിപ്പോര്‍ട്ടിന് ആധാരമായ സംഭവം. കടൽപാലത്തിനുസമീപം തന്നോടൊപ്പമെത്തിയ ഭര്‍ത്താവ് പ്രത്യുഷിനെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചതായി ഭാര്യ മേഘ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമീഷനും വനിത കമീഷനും പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കാന്‍ കണ്ണൂര്‍ എസ്.പി ഉത്തരവിട്ടിരുന്നു. തലശ്ശേരി എ.എസ്.പിക്കും സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിക്കുമാണ് അന്വേഷണ ചുമതല നല്‍കിയത്.
അന്വേഷണ റിപ്പോര്‍ട്ട് അടുത്തദിവസം എസ്.പിക്ക് സമര്‍പ്പിക്കുമെന്ന് തലശ്ശേരി എ.എസ്.പി പറഞ്ഞു. കടൽപാലത്തിനുസമീപം വെച്ച് തലശ്ശേരി എസ്.ഐ മനുവാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. പ്രത്യുഷിനെ വലിച്ചിഴച്ച് പൊലീസ് ജീപ്പില്‍ കയറ്റുകയും സ്റ്റേഷനിലുള്ള യാത്രക്കിടയിലും പിന്നീട് സ്റ്റേഷനില്‍വെച്ചും ക്രൂരമായി പ്രത്യുഷിനെ മർദിച്ചെന്നുമാണ് ഭാര്യയുടെ പരാതി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രത്യുഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മേഘയിൽനിന്നും തലശ്ശേരി എ.എസ്.പി മൊഴിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.