വൈവിധ്യങ്ങളുമായി വ്യവസായിക പ്രദർശനം
text_fieldsതലശ്ശേരി: ലണ്ടൻ ക്ലോക്ക് മുതൽ കൈത്തറി വസ്ത്രങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ. സ്ക്വാഷ്, ജ്യൂസ്, ഐസ്ക്രീം, അച്ചാർ, ഹെൽത്ത്-ന്യൂട്രിമിക്സുകൾ തുടങ്ങിയ ആഹാരപദാർഥങ്ങൾ, ഇതിനെല്ലാം പുറമെ മൂല്യവർധിത ഉൽപന്നങ്ങളും. തലശ്ശേരി കാർണിവലിന്റെ ഭാഗമായി വീനസ് കവലയിലെ സിറ്റി സെന്റർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച വ്യവസായിക പ്രദർശനം വൈവിധ്യങ്ങളാൽ ഏറെ ആകർഷകം.
പാലയാട് സ്വദേശിയായ ശിൽപി പി. രാജൻ മരത്തിൽ നിർമിച്ച പത്തരയടി ഉയരമുള്ള ലണ്ടൻ ക്ലോക്കും, കൂറ്റൻ നടരാജ ഭദ്രകാളി ശിൽപവുമൊക്കെ മേളയിലെ വിസ്മയങ്ങളാണ്. കോപ്പാലം സ്വദേശിയായ അഫ്സത്ത് വൂളൻ നൂൽ ഉപയോഗിച്ച് നിർമിച്ച ആകർഷകമായ അലങ്കാര വസ്തുക്കളും ആഭരണങ്ങളും ആരുടെയും മനംകവരും.
അലങ്കാർ ഗ്രൂപ്പിന്റെ തനൂജ നിർമിച്ച മുത്തിലും കല്ലിലും തീർത്ത ആഭരണങ്ങൾ, തേൻ, കൈത്തറി ഉത്പന്നങ്ങൾ, ആയുർവേദ പച്ചമരുന്നുകൾ, സോഫകൾ, ശിൽപങ്ങൾ, ഫർണിച്ചർകൾ എന്നിങ്ങനെ നീളുന്നു ഉൽപന്നങ്ങളുടെ നിര. വ്യവസായ വാണിജ്യ വകുപ്പും ജില്ല വ്യവസായ കേന്ദ്രവും ചേർന്നാണ് വ്യവസായിക പ്രദർശന വിൽപന മേള സംഘടിപ്പിച്ചിരിക്കുന്നത്. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പ്രദർശനം ഉദ്ഘാടനം ചെയ്തു.
തലശ്ശേരിക്ക് ആവേശമായി ട്യൂൺസ് ഓഫ് ഹാപ്പിനസ്
തലശ്ശേരി: കാർണിവലിൽ പാട്ടിന്റെ പാലാഴി തീർത്ത് വിധു പ്രതാപും ക്രിസ്റ്റകലയും. പഴയ ബസ് സ്റ്റാൻഡിലെ പ്രധാന വേദിയിൽ ശനിയാഴ്ച രാത്രി അരങ്ങേറിയ മലയാളികളുടെ പ്രിയ ഗായകൻ വിധു പ്രതാപിന്റെയും റിയാലിറ്റിഷോയിലുടെ പ്രശസ്തയായ ഗായിക ക്രിസ്റ്റകലയുടെയും സംഗീത വിരുന്ന് നിറഞ്ഞ കൈയടിയും ഹർഷാരവങ്ങളുമായാണ് തിങ്ങിനിറഞ്ഞ ജനം വരവേറ്റത്.
കാർണിവലിന്റെ രണ്ടാം ദിനത്തിൽ 'മാധ്യമം' സംഘടിപ്പിച്ച ട്യൂൺസ് ഓഫ് ഹാപ്പിനസ് സംഗീതനിശ ചരിത്ര പട്ടണത്തിന് നവ്യാനുഭവമായി. വിധു പ്രതാപും ക്രിസ്റ്റകലയും സ്റ്റേജിൽ പാടുമ്പോൾ സദസ്സ് ആകെ ഇളകി മറിഞ്ഞു. നിറഞ്ഞ കൈയടികളോടെയും ചുവടുകൾ വെച്ചും സംഗീതവിരുന്ന് ആളുകൾ വൻ ആഘോഷമാക്കി മാറ്റി. തലശ്ശേരിക്ക് മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ശനിയാഴ്ചയിലെ സായംസന്ധ്യ.
വനസുന്ദരി ഹെർബൽ ചിക്കൻ മുതൽ തരിബിരി വരെ
തലശ്ശേരി: തലശ്ശേരി കാർണിവലിന്റെ ഭാഗമായി കടൽ പാലം പരിസരത്ത് ഒരുക്കിയ ഫുഡ് കോർട്ട് വ്യത്യസ്ത വിഭവങ്ങളാൽ ശ്രദ്ധേയം. പച്ചനിറത്തിൽ ആവിപറക്കുന്ന വനസുന്ദരി ഹെർബൽ ചിക്കനാണ് രുചിയിൽ കേമം. അട്ടപ്പാടി ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളാണ് വനസുന്ദരി ചിക്കൻ തയാറാക്കുന്നത്.
പച്ചക്കുരുമുളകും കാന്താരിയും മല്ലിയിലയും പുതിനയിലയും കാട്ടുജീരകവും ചില പച്ചിലകളും ഊരിലെ പ്രത്യേക രഹസ്യക്കൂട്ടുകളും ചേർത്തുണ്ടാക്കുന്ന വനസുന്ദരി കേരളീയം പരിപാടിയിലൂടെയാണ് വൈറലായത്. അട്ടപ്പാടി ആദിവാസി ഊരുകളിലെ തനത് വിഭവമായ ഇതിൽ മറ്റ് മസാലപ്പൊടികളൊന്നും തന്നെ ചേർക്കാത്തതിനാൽ ആരോഗ്യപ്രദമാണെന്ന് ഇവർ പറയുന്നു.
ദോശ, ചട്നി, സാലഡ് എന്നിവ അടങ്ങുന്ന ഒരു പ്ലേറ്റിന് 180 രൂപയാണ് വില. റസ്റ്റോറന്റുകളിൽ ലഭിക്കാത്ത ഈ വിഭവത്തിന് തിരക്കേറെയാണ്. രുചിയിടം കുട്ടനാടൻ ഷാപ്പിന്റെ വിഭവങ്ങളായ താറാവ് മപ്പാസ്, കരിമീൻ പൊള്ളിച്ചത്, കൂടാതെ പേര് കേട്ടാൽ തന്നെ വണ്ടറടിച്ചു പോവുന്ന വിഭവങ്ങളും ഇവിടെയുണ്ട്.
തരിബിരി, കമീറ, യൂറോ ബൺ, സിസ് ബൺ തുടങ്ങിയ ഇറച്ചി വിഭവങ്ങളും കോഴിയിറച്ചിയും ചീസും നിറച്ച ലാവ, ചിക്കൻ വൈറ്റ് സോസ് എന്നിങ്ങനെ പോവുന്നു വിഭവങ്ങൾ. നാടൻ ഉണ്ണിയപ്പത്തിന്റെ മോഡേൺ വേർഷൻ ആയ ഉണ്ണി മധുരം വിവിധ രുചികളിൽ ലഭ്യമാണ്. കൂടാതെ അറേബ്യൻ വിഭവമായ ലുക്കാമത്ത്, ഷവർമയുടെ വൈവിധ്യങ്ങളായ ഷവർമ ഷോർട്, പോക്കറ്റ് ഷവർമ എന്നിവക്കും ആവശ്യക്കാരേറെ.
കപ്പ ജ്യൂസും മുട്ടാപ്പവും ബീഫും വിവിധതരം ജൂസുകളുമായി ഭക്ഷണപ്രേമികളുടെ ഇഷ്ടയിടമായി മാറിയിരിക്കുകയാണ് കടൽപാലം പരിസരം. ലൈറ്റുകളാൽ അതിമനോഹരമായി അലങ്കരിച്ച വഴികളും ഫോട്ടോ കോർണറുകളും ആകർഷകമായ മോഡേൺ ആർട് കവാടങ്ങളുമായി കടൽപാലം പരിസരം ആളുകളെ ഏറെ ആകർഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.