വ്യവസായ സംരംഭം പൂട്ടിച്ച സംഭവം; നഗരസഭ കൗൺസിലിൽ രൂക്ഷ വിമർശനം
text_fieldsതലശ്ശേരി: എരഞ്ഞോളി കണ്ടിക്കൽ മിനി വ്യവസായ പാർക്കിലെ വ്യവസായ സംരംഭകരായ രാജ് കബീറിനോടും ഭാര്യ ശ്രീദിവ്യയോടും നഗരസഭ കാണിച്ച അനീതിക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. പ്രതിപക്ഷാംഗങ്ങളാണ് വിഷയം ഉന്നയിച്ചത്. വ്യവസായികളായ സംരംഭകരോട് നഗരസഭ കാണിച്ചത് ധിക്കാരപരവും വ്യവസായസംരംഭം തകർക്കുന്ന നിലപാടുമാണ്.
നിസ്സാര കാരണത്താൽ വ്യവസായിയെ ദ്രോഹിച്ച നഗരസഭയുടെ തീരുമാനം തെറ്റായിപ്പോയെന്ന് വ്യവസായ മന്ത്രി അഭിപ്രായപ്പെട്ട സാഹചര്യത്തിൽ നഗരസഭ മാപ്പുപറയണമെന്ന് മുസ്ലിം ലീഗിലെ കെ.പി. അൻസാരി ആവശ്യപ്പെട്ടു. നഗരപരിധിയിൽ വ്യാപകമായി നടക്കുന്ന മറ്റ് കൈയേറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും വ്യവസായ സംരംഭകനെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതായി പ്രതിപക്ഷത്തെ മറ്റംഗങ്ങളും ആരോപിച്ചു.
പ്രതിപക്ഷ ആരോപണം ദുരുപദിഷ്ടമാണെന്നും സംരംഭകനെ ദ്രോഹിക്കുന്ന ഒരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ചെയർപേഴ്സൻ കെ.എം. ജമുനാ റാണിയും വൈസ് ചെയർമാൻ വാഴയിൽ ശശിയും മറുപടി നൽകി. അനധികൃത കൈയേറ്റം കണ്ടെത്തിയതിനാൽ ഒരുവർഷം മുമ്പ് ബന്ധപ്പെട്ടയാൾക്ക് നിയമാനുസരണം നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകുന്നതിനുപകരം സംരംഭകൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിധി പാലിച്ചാണ് അനന്തര നടപടികൾ കൈക്കൊണ്ടതെന്നും ചെയർപേഴ്സൻ വിശദീകരിച്ചു.
അപകടാവസ്ഥയിലുള്ള ജനറൽ ആശുപത്രി കെട്ടിടത്തിൽനിന്നും പ്രസവവാർഡും കുട്ടികളുടെ വാർഡും മത്സ്യ മാർക്കറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ലീഗ് അംഗം ഫൈസൽ പുനത്തിലും ബി.ജെ.പി അംഗം കെ. അജേഷും ആവശ്യപ്പെട്ടു. വാർഡുകൾ മാറ്റാനുള്ള ആവശ്യത്തിന് അംഗീകാരമായതായി ചെയർപേഴ്സൻ പറഞ്ഞു.
ദേശീയപാത റോഡുകളിലും സംസ്ഥാന പി.ഡബ്ല്യു.ഡി റോഡുകളിലും അറ്റകുറ്റപ്പണി നടത്തുമ്പോൾ ചേറ്റംകുന്ന്, കോണോർവയൽ റോഡുകൾ കൂടി പരിഗണിക്കണമെന്ന് ടി.പി. ഷാനവാസ് ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ നഗരസഭയും എക്സൈസ് വകുപ്പും പൊലീസും സംയുക്തമായി കൈകോർത്ത് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. ലഹരി ഉപയോഗത്തിൽനിന്നും മാനസിക സമ്മർദം കുറക്കുന്നതിന് കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് അഡ്വ. മിലിചന്ദ്ര പറഞ്ഞു. നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർശന നടപടി വേണമെന്ന ആവശ്യവുമുയർന്നു. ദിവസവും നിരവധിപേർ നായുടെ കടിയേറ്റ് ചികിത്സ തേടുകയാണ്.
സി. സോമൻ, പി. പ്രമീള, കെ. ഭാർഗവൻ, ജ്യോതിഷ്, സി. ഗോപാലൻ, അഡ്വ. മിലിചന്ദ്ര, തബസം, എൻ. മോഹനൻ, സി. പ്രശാന്തൻ, പി. സോന എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.