ജീജിത്ത് മനേക്കരക്കാർക്ക് ഇനി കണ്ണീരോർമ
text_fieldsതലശ്ശേരി: ട്രെയിൻതട്ടി മരിച്ച സ്വകാര്യ ബസ് ഡ്രൈവർ പന്ന്യന്നൂർ മനേക്കര സ്വദേശി പുതിയ വീട്ടിൽ കെ. ജീജിത്തിന് (43) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് മൃതദേഹം മനേക്കര കൈരളി വായനശാലക്കടുത്ത വീട്ടിലെത്തിച്ചത്.
പൊതുദർശനത്തിന് ശേഷം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസൻ, തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. വേലായുധൻ തുടങ്ങി നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാനെത്തി.
ശനിയാഴ്ച തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച രാവിലെ പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാലാണിത്. തലശ്ശേരി -വടകര റൂട്ടിലെ ഭഗവതി ബസിലെ ഡ്രൈവറാണ് ജീജിത്ത്. ശനിയാഴ്ച വൈകീട്ട് 6.15 ന് പുന്നോൽ പെട്ടിപ്പാലത്ത് ഈ ബസ് തട്ടി വഴി യാത്രക്കാരനായ മുനീറിന് പരിക്കേറ്റു. അപകടമുണ്ടായ ഉടൻ തദ്ദേശവാസികൾ ഓടിയെത്തി.
ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയ ജീജിത്ത് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനിടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് ജീജിത്തിന്റെ ബന്ധുക്കളും നാട്ടുകാരും ബസ് ജീവനക്കാരും രംഗത്തെത്തി.
സമഗ്രമായ അന്വേഷണം വേണമെന്നും ജീജിത്തിനെ ആക്രമിച്ചവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം. ദുഃഖസൂചകമായി ഞായറാഴ്ച തലശ്ശേരി - വടകര റൂട്ടിൽ സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെച്ചു. പരേതരായ വാസുവിന്റെയും നളിനിയുടെയും മകനാണ് ജീജിത്ത്. ഭാര്യ: തുളസി. മക്കൾ: അൻസിന, പരേതയായ നിഹ.
നടുക്കംമാറാതെ നാട്ടുകാർ
സ്വകാര്യ ബസ് ഡ്രൈവർ ജീജിത്തിന്റെ അപകടമരണത്തിൽ വിറങ്ങലിച്ച് മനേക്കര ഗ്രാമം. റോഡപകടത്തില്‍ വഴിയാത്രികന് പരിക്കേല്‍ക്കാനിടയാക്കിയ സംഭവത്തില്‍ ദേഹോപദ്രവം ഭയന്ന് ഓടിയ ഡ്രൈവര്‍ ജീജിത്ത് ട്രെയിൻ തട്ടി മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ.
ശനിയാഴ്ച വൈകീട്ട് 6.15ന് പുന്നോൽ പെട്ടിപ്പാലം ദേശീയപാതയിലാണ് ദാരുണമായ സംഭവം. ബസ് ഡ്രൈവർ ജീജിത്ത് ഭയന്ന് ഓടിക്കയറിയത് മരണത്തിലേക്കായിരുന്നു. പെട്ടിപ്പാലം പഴയ കള്ളുഷാപ്പിന് സമീപമാണ് തലശ്ശേരി-വടകര റൂട്ടിലോടുന്ന ബസ് കാല്‍നട യാത്രക്കാരനായ മുനീറിനെ ഇടിച്ചത്.
മത്സ്യത്തൊഴിലാളിയായ മുനീറിന് ബസിടിച്ച് പരിക്കേറ്റതോടെ ഓടിക്കൂടിയ നാട്ടുകാർ ബസ് തടയുകയും അക്രമാസക്തരാവുകയും ചെയ്തു. ബസിൽ നിന്നിറങ്ങി ഓടിയ ജീജിത്തിന് പിന്നാലെ ആളുകൾ ഓടുന്നതും പിടിച്ചുവെച്ച് തല്ലാൻ ഓങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാനുണ്ട്.
ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. രക്ഷപ്പെടാനായി റെയിൽപാളത്തിലൂടെ ഓടുമ്പോഴാണ് ജീജിത്തിനെ ട്രെയിനിടിച്ചത്.
സംഭവ സ്ഥലത്ത് വെച്ചുതന്നെ ഇയാൾ മരിച്ചു. റോഡിന്റെ ഒരു ഭാഗത്ത് പെട്ടിപ്പാലം കോളനിയും മറുഭാഗത്ത് റെയില്പാളവുമാണ്. പിറകില്‍ ആളുകള്‍ പിന്തുടരുന്നുണ്ടോയെന്ന് തിരിഞ്ഞു നോക്കിയാവണം ജീജിത്ത് റെയില്‍പാളം മുറിച്ചുകടന്നത്. റോഡും റെയില്‍വേ ട്രാക്കും സമാന്തരമായി കിടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
ജീജിത്ത് 20 വര്‍ഷത്തിലേറെയായി ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ബസ് പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ മുനീര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസിലെ കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും മര്‍ദനമേറ്റതായി ദൃക്സാക്ഷികള്‍ പറയുന്നു. സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസാണ് ഇവരെ ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.