ജ്വല്ലറിയിലെ കവർച്ച: പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
text_fieldsതലശ്ശേരി: നാരങ്ങാപ്പുറം മണവാട്ടി കവലയിലെ സാറാസ് ഗോൾഡ് ജ്വല്ലറിയിൽനിന്ന് ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് സ്വർണാഭരണം തട്ടിയെടുത്ത് രക്ഷപ്പെട്ട സ്ത്രീയെയും പുരുഷനെയും പൊലീസ് തിരയുന്നു.
ഇതര സംസ്ഥാനക്കാരെന്ന് സംശയിക്കുന്നവരാണ് ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ ജ്വല്ലറിയിലെത്തി തട്ടിപ്പ് നടത്തിയത്. വിവിധ ഡിസൈനുകളിലുള്ള ആഭരണമാണ് ഇവർ ആവശ്യപ്പെട്ടത്. രണ്ട് ഡിസ്േപ്ല ട്രേയിലെ ആഭരണങ്ങൾ ഇവരുടെ മുന്നിലേക്ക് ജീവനക്കാരൻ ഗോപിനാഥ് എടുത്തുവെച്ചു.
ഇഷ്ടപ്പെടാത്തതിനാൽ മറ്റൊന്നുകൂടി എടുത്തു വരുന്നതിനിടയിലാണ് ആദ്യം കാണിച്ച ട്രേയിൽനിന്ന് ഒരു ബ്രേസ്ലെറ്റ് ഇവർ കൈക്കലാക്കിയത്. എല്ലാം നോക്കിയതിന് ശേഷം ജ്വല്ലറിയുടെ വിസിറ്റിങ് കാർഡും വാങ്ങി പിന്നെ വരാമെന്ന് പറഞ്ഞ് ഇരുവരും ഇറങ്ങിപ്പോയി. ട്രേയിലെ ആഭരണങ്ങൾ പിന്നീട് പരിശോധിച്ചപ്പോഴാണ് 10 ഗ്രാമിന്റെ കൈച്ചെയിൻ നഷ്ടപ്പെട്ടതായി ജീവനക്കാരൻ കണ്ടെത്തിയത്. നഷ്ടപ്പെട്ട ആഭരണത്തിന് ഏതാണ്ട് 60,000 രൂപയോളം വരും.
പരിഭ്രാന്തനായ ഗോപിനാഥ് ജ്വല്ലറിയിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ നേരത്തേ കടയിലെത്തിയവർ ആഭരണം കൈക്കലാക്കുന്നത് വ്യക്തമായി. ജ്വല്ലറി ഉടമ ശശിധരനാണ് സ്വർണം കാണാതായത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. ഈ സംഭവത്തിന് മുമ്പ് മെയിൻ റോഡിലെ മറ്റു ജ്വല്ലറികളിലും ഇതേസംഘം എത്തിയിരുന്നതായി വിവരമുണ്ട്. കണ്ണൂരിൽനിന്നാണ് തട്ടിപ്പുകാർ തലശ്ശേരിയിലെത്തിയതെന്ന് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.