ജില്ല കോടതിയുടെ പുതിയ കെട്ടിടം: നിർമാണം അവസാനഘട്ടത്തിൽ
text_fieldsതലശ്ശേരി: ജില്ല കോടതിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 98 ശതമാനം ജോലികൾ ഇതിനകം പൂർത്തിയായി. വൈദ്യുതി സംബന്ധമായ ജോലികൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ഡിസംബറോടുകൂടി ഇത് പൂർത്തീകരിക്കും. ഹൈകോടതി ജഡ്ജിമാരടക്കം പ്രവൃത്തിയുടെ പുരോഗതി നിരീക്ഷിക്കുന്നുണ്ട്.
ദേശീയപാതയിൽ നിലവിലെ കെട്ടിടത്തോടുചേർന്ന് കടലിന് അഭിമുഖമായാണ് പുതിയ കെട്ടിടം പണിതത്. പുതിയ കെട്ടിടത്തിലേക്ക് കോടതി മാറുമ്പോൾ 200 വർഷത്തോളം പഴക്കമുള്ള പഴയ കെട്ടിടം വിനോദസഞ്ചാരികൾക്കും ജനങ്ങൾക്കും കാണാനായുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് തലശ്ശേരി എം.എൽ.എ കൂടിയായ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
തലശ്ശേരി ജില്ല കോടതിയുടെ പുതിയ കെട്ടിടം പ്രവർത്തനമാരംഭിക്കുന്നതോടെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ബെഞ്ചും പ്രവർത്തനം തുടങ്ങും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള സർക്കാർ ജീവനക്കാരുടെ സർവിസ് സംബന്ധമായ കേസുകൾ ഇവിടെ പരിഗണിക്കും. നിലവിൽ എറണാകുളത്തെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ബെഞ്ചിന്റെ കീഴിൽ 3000 ത്തോളം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്.
തലശ്ശേരിയിൽ പുതിയ ബെഞ്ച് വരുന്നതോടെ ഇതിന് പരിഹാരമാവും. വാച്ച്മാൻ, പ്യൂൺ, അറ്റൻഡർ എന്നീ ജീവനക്കാരുടെ കേസുകളാണ് കൂടുതലായുമുള്ളത്. മലബാർ മേഖലയിലുള്ള ഇവർ എറണാകുളത്ത് കേസുകൾക്കായി പോകുമ്പോൾ ഭീമമായ ചെലവാണ് വരിക. പുതുതായുള്ള ബെഞ്ച് വരുന്നതോടുകൂടി ഇതിനും പരിഹാരമാവും. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ബെഞ്ചിനായി നിലവിൽ കാബിനറ്റ് അനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. സർക്കാർ, ഹൈകോടതി എന്നിവയുടെ അനുമതിയും അനുയോജ്യമായ സ്ഥലവും കണ്ടെത്തണം. ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റിവ് ഭാഗത്തുനിന്നും രണ്ട് അംഗങ്ങളെയും നിയമിക്കേണ്ടതുണ്ട്. ഇതിന്റെ മുന്നോടിയായാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ സി.കെ. അബ്ദുൽ റഹീം വെളളിയാഴ്ച കോടതി സന്ദർശിച്ചത്.
തലശ്ശേരിയിൽ ട്രൈബ്യൂണൽ അഡീഷനൽ ബെഞ്ച്; ചെയർമാൻ ജില്ല കോടതി സന്ദർശിച്ചു
തലശ്ശേരി: കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാൻ റിട്ട. ഹൈകോടതി ജഡ്ജ് സി.കെ. അബ്ദുൽറഹീം തലശ്ശേരി ജില്ല കോടതി സന്ദർശിച്ചു.
ട്രൈബ്യൂണലിന്റെ മുഴുസമയ അഡീഷനൽ ബെഞ്ച് തലശ്ശേരിയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. കേരള അഡ്മിസ്ട്രേറ്റിവ് ട്രൈബ്യൂണലിന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ആകെ മൂന്ന് ബെഞ്ചുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
എന്നാൽ, ട്രൈബ്യൂണലിന്റെ പരിധിയിലുള്ള കേസുകളുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്താണ് തലശ്ശേരിയിൽ ഒരു അഡീഷനൽ ബെഞ്ച് സ്ഥാപിക്കാൻ നേരത്തെ ഉത്തരവായത്. ഇതിന്റെ ഭാഗമായാണ് ട്രൈബ്യൂണൽ ചെയർമാൻ സി.കെ. അബ്ദുൽ റഹീം തലശ്ശേരി കോടതി സന്ദർശിച്ചത്. ഇതു സംബന്ധിച്ച് സ്പീക്കർ എ.എൻ. ഷംസീറിന്റെ സാനിധ്യത്തിൽ യോഗവും നടന്നു.
അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ രജിസ്ട്രാർ ഉണ്ണികൃഷ്ണൻ, ജില്ല ജഡ്ജ് കെ.ടി. നിസാർ അഹമ്മദ്, പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എ. സജീവൻ, സെക്രട്ടറി ജി.പി. ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
നിർമാണം പൂർത്തിയായ ജില്ല കോടതിയുടെ പുതിയ കെട്ടിടവും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാൻ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.